ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരേ പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നരഹത്യാ കുറ്റം നിലനില്‍ക്കുമോയെന്ന് വിചാരണയിൽ ആണ് വ്യക്തമാകുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ നരഹത്യാ കുറ്റത്തിന് ശ്രീറാം വെങ്കിട്ട രാമന് വിചാരണ നേരിടേണ്ടി വരും.
സംസ്ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നത്. എന്നാൽ കേസിലെ എല്ലാ വസ്തുതകളും പരിശോധിച്ച് ശേഷം നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന് സെഷൻസ് കോടതി നേരത്തെ വിധിച്ചിട്ടുണ്ടന്ന് ശ്രീറാം വെങ്കിട്ട രാമന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലന്ന് ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ശ്രീറാം അമിതവേഗത്തിലായിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ പോലും ശ്രമിച്ചുവെന്നും പ്രഥമ ദൃഷ്ട്യാ കരുതാമെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. മദ്യ പരിശോധന നടത്തുന്നതിൽ നിന്നു പ്രതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെന്ന വാദം തള്ളാനാവില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യാ കുറ്റം നിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.