കോഴിക്കോട്: കേന്ദ്ര റോഡ് ഫണ്ടിൽ (സിആർഎഫ്) നിന്ന് 35 കോടി രൂപ ചെലവഴിച്ച് നിർമിച്ച എളമരം കടവ് പാലം മേയ് 23 ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാറിന് കുറുകെയുള്ള പാലത്തിന്റെ അവസാനഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. 2019 ല്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും പ്രളയവും കോവിഡും നിര്‍മ്മാണത്തെ ബാധിച്ചിരുന്നു. നിലവില്‍ പ്രവൃത്തിയുടെ 90% പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളും പെയിന്റിങ്ങും പൂർത്തിയായി. 350 മീറ്റർ നീളവുമുള്ള പാലത്തിന് 10 സ്പാനുകളാണുള്ളത്. കോഴിക്കോട് മാവൂർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ബി.എം., ബി.സി. പൂര്‍ത്തീകരിച്ചു. മലപ്പുറം എളമരം ഭാഗത്ത് എളമരം ജങ്ഷൻ മുതൽ എളമരം കടവ് വരെയുള്ള ബി.സി. പുരോഗമിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലം തുറക്കുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകും. ചാലിയാറിൽ ഇപ്പോഴും ബോട്ട് സർവീസ് നടത്തുന്ന കടവാണിത്. ദിനംപ്രതി നിരവധി യാത്രക്കാർ ഇതുവഴി കടന്നുപോകുന്നുണ്ട്. ബോട്ടിലാണ് ബൈക്കുകൾ കൊണ്ടുപോകുന്നത്. പാലം തുറക്കുന്നതോടെ കടത്തുസര്‍വിസ് നിലക്കും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പാലത്തിലൂടെ കോഴിക്കോട്ടെ മലയോര മേഖലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് എളമരം പാലം യാഥാർഥ്യമായത്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നടപടി. ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ശ്രമഫലമായി പദ്ധതി കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പൊതുമരാമത്ത് മന്ത്രി നിതിൻ ഗഡ്കരി സംസ്ഥാന സർക്കാരിന് കത്തയച്ചു. നാട്ടുകാരനായ എളമരം കരീമിന്റെയും സ്ഥലം എം എംഎൽഎ ടി.വി. ഇബ്രാഹിമും ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. അപ്രോച്ച് റോഡുകൾക്കായി സ്ഥലം ഏറ്റെടുത്ത് 2019 ലാണ് പാലത്തിന്റെ പണി തുടങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.