ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയിൽ 18 കാരിയായ മകളേയും 21 കാരനായ കാമുകനേയും വെടിവച്ച് കൊന്ന് മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. ശിവാനി തോമര്‍ എന്ന പെണ്‍കുട്ടിയം രാധേശ്യാം തോമര്‍ എന്ന യുവാവുമാണ് കൊല്ലപ്പെട്ടത്. യുവാവുമായി പെണ്‍കുട്ടിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നു.
എന്നാല്‍ വിലക്ക് പരിഗണിക്കാതെ ബന്ധം തുടരുകയായിരുന്നു. ജൂണ്‍ മൂന്നിനാണ് യുവാവിനെ കാണാതാവുന്നത്. ഇതേദിവസം തന്നെ ശിവാനിയെ കാണുന്നില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇരുവരും എതിര്‍പ്പുകള്‍ ഭയന്ന് ഒളിച്ചോടിയെന്നായിരുന്നു യുവാവിന്റെ വീട്ടുകാര്‍ ധരിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരങ്ങളൊന്നുമില്ലാതെ വന്നതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മകനേയും മകനുമായി ബന്ധം പുലര്‍ത്തിയ പെണ്‍കുട്ടിയേയും കാണാനില്ലെന്നുമുള്ള യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യലിന് ഒടുവില്‍ മകളേയും കാുകനേയും കൊലപ്പെടുത്തിയെന്ന് ശിവാനിയുടെ പിതാവ് കുറ്റസമ്മതം നടത്തുകയായിരുന്നു.ഇരുവരേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ വലിയ കല്ലുകള്‍ കെട്ടി മുതലകളുള്ള ചംബല്‍ നദിയില്‍ എറിയുകയായിരുന്നുവെന്നാണ് ശിവാനിയുടെ പിതാവ് പറയുന്നത് . ചംബല്‍ നദിയില്‍ 2000ല്‍ അധികം മുതലകളുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. അതെ സമയം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മധ്യപ്രദേശ് പൊലീസുള്ളത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.