വടകര: സംസ്ഥാനത്ത് പെരുന്നാൾ കഴിഞ്ഞിട്ടും കോഴിയിറച്ചിക്ക് വില കുറയുന്നില്ല. ഒരു കിലോ കോഴിക്ക് 260. കഴിഞ്ഞയാഴ്ച 200ൽ താഴെയായിരുന്നു വില. പെട്ടെന്നാണ് ഇത്രയേറെ വര്‍ധിച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ 80 രൂപ കൂടി. കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉൽപാദനവും തമിഴ്നാട്ടിൽ നിന്നുള്ള വരവും ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം. വിഷുവിനോടനുബന്ധിച്ച് ഇനിയും കൂടുമെന്നാണ് കേൾക്കുന്നത്.
അതേസമയം ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വിലവർധന സാധാരണക്കാരെയും ഹോട്ടലുടമകളെയും വലയ്ക്കുകയാണെന്നും വ്യാപാരികൾ പറയുന്നു. അസഹ്യമായ ചൂടാണ് വില്ലനെന്നാണ് കോഴിക്കച്ചവട രംഗത്തുള്ളവര്‍ പറയുന്നത്.
തമിഴ്നാട്ടിൽ നിന്ന് വരുന്ന കോഴികളിൽ പലതും ചൂട് കാരണം ചത്തുപോകുന്ന സ്ഥിതിയാണ്. ഇത് ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നുവെന്നാണ് വിശദീകരണം. സംസ്ഥാനത്ത് ബ്രോയിലർ ചിക്കൻ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. ഇത് മുതലെടുത്ത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ കുത്തനെ വില കൂട്ടുകയാണ്.
കോഴിയിറച്ചി 250-260, പോത്തിറച്ചി 350-380, മട്ടൺ 700-800 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. ചൂട് കൂടുന്നതിനനുസരിച്ച് കോഴികൾ തീറ്റ കുറയ്ക്കുകയും കൂടുതൽ വെള്ളം കുടിക്കുകയും ചെയ്യുന്നതിനാൽ കോഴികളുടെ ഭാരം കുറയുമെന്നും പറയപ്പെടുന്നു. സംസ്ഥാനത്ത് പ്രതിദിനം 8-10 ലക്ഷം കോഴികൾ വിറ്റഴിക്കപ്പെടുന്നു.
ഭൂരിഭാഗം സ്ഥലങ്ങളിലും പ്രാദേശികാടിസ്ഥാനത്തിൽ ചെറിയ കോഴി ഫാമുകളുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റും കാരണം ഇത്തരം ഫാമുകളുടെ നിലനിൽപ്പ് ഭീഷണിയിലാണ്. വിലയും തീറ്റയും മരുന്നും പരിചരണച്ചെലവും ഉൾപ്പെടെ ഒരു കിലോ കോഴി ഉൽപ്പാദിപ്പിക്കാൻ കേരളത്തിൽ 90-100 രൂപയും തമിഴ്നാട്ടിൽ ഇത് വളരെ കുറവാണ്. കോഴിയിറച്ചിയുടെ വില വർധനയനുസരിച്ച് എല്ലാ ഹോട്ടൽ റസ്റ്റോറൻ്റുകളിലും ചിക്കൻ വിഭവങ്ങൾക്കും വില കൂടുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.