കൊച്ചി: കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചിയിൽ ഇറക്കിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. സ്പൈസ് ജെറ്റ് എസ്ജി 36 വിമാനമാണ് കൊച്ചിയിലിറക്കിയത്.
എന്തുകൊണ്ടാണ് വിമാനം കൊച്ചിയിൽ ഇറക്കിയതെന്നോ യാത്രക്കാരെ എങ്ങനെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്നോ ഉള്ള വിവരങ്ങൾ വിമാനത്താവള അധികൃതർ ആദ്യം നൽകിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനത്തിൽ നിന്ന് ഇറങ്ങാതെയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. കരിപ്പൂരിൽ റൺവേയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പകൽ സമയങ്ങളിൽ വിമാന സർവീസുകളില്ല. ഈ കാരണത്താലാണ് വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കിയത്.
വ്യാഴാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് പുലർച്ചെ നാലിനാണ് പുറപ്പെട്ടത്. ഉംറ തീർഥാടകരും വിമാനത്തിലുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.