മുക്കം: ഫുൾടോസ്സ് കന്പനിയുടെ പായ്ക്കറ്റ് പലഹാരം കഴിച്ച പത്തു വയസുകാരിക്ക് വായിലും നാവിലും പൊള്ളലേറ്റതായി പരാതി. ഭക്ഷ്യവിഷബാധയെന്നാണ് നിഗമനം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനെങ്ങാപറമ്പ് സ്വദേശി വാളേപാറമ്മൽ ഷാജുവിന്റെ മകൾ ആറാം ക്ളാസ് വിദ്യാർത്ഥിനി ആരാധ്യക്കാണ് പൊള്ളലേറ്റത് .
സംഭവത്തെ തുടർന്ന് കൊടിയത്തൂർ പഞ്ചായത്തില്‍ പ്രസ്തുത കന്പനിയുടെ പായ്ക്കറ്റ് പലഹാരം വില്‍പ്പന നടത്തുന്നത് തടയുകയും കടയിലുള്ളത് എടുത്തു മാറ്റുകയും ചെയ്തു. ചെറുവാടിയിലെ ഒരു ബേക്കറിയില്‍ നിന്നാണ് 10 വയസുകാരി അഞ്ചു രൂപ വിലയുള്ള സ്നാക്സ് വാങ്ങി കഴിച്ചത്. രാത്രിയോടെ വയറുവേദനയും പനിയും ബാധിച്ചതിനെ തുടർന്ന് കൊടിയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി പരിശോധിച്ചു. വായില്‍ പുണ്ണ് രൂപപ്പെട്ടിരുന്നു.
ചുണ്ടിലും നാവിലും പൊള്ളലേറ്റതു പോലെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നു കെഎംസിടി മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ പരിശോധനയിലാണ് പലഹാരത്തില്നിന്ന് ഭക്ഷ്യവിഷ ബാധ ഏറ്റതാണെന്ന് മനസിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിഎച്ച്സി ഹെല്‍ത്ത് ഇൻസ്പെക്ടർ ജയശ്രീ, ജഐച്ച്ഐമാരായ ദീപിക, രമേശൻ, പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ സി.റിനില്‍ എന്നിവരും ഭക്ഷ്യ സുരക്ഷാ വിഭാഗവും വീട്ടിലെത്തി വിവരങ്ങള്‍ ആരായുകയും തുടർന്ന് കടകളില്‍ പരിശോധന നടത്തുകയും ചെയ്തു.
കുട്ടി കഴിച്ച പലഹാരത്തിന്റെ സാന്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ച ശേഷമേ നിജസ്ഥിതി അറിയാനാവൂ എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർ ഡോ. അനു പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.