ദില്ലിയിൽ ഓടുന്ന കാർ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം മരിച്ച യുവതി അപകടത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടുവെന്ന് വെളിപ്പെടുത്തൽ. ഹോട്ടൽ മാനേജരുടേതാണ് മൊഴി. പുതുവത്സരാഘോഷത്തിനായി ഹോട്ടലിലെത്തിയതായിരുന്നു യുവതി. സുഹൃത്തിനൊപ്പമാണ് വന്നത്. ഹോട്ടലിൽ വെച്ച് ഇവർ വഴക്കിട്ടു. ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരിക്കേറ്റ രണ്ടാമത്തെ പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഹോട്ടലിൽ പുതുവർഷ ആഘോഷത്തിൽ പങ്കെടുത്ത യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഇവർ രാത്രി സംസാരിച്ചുവെന്നും പോലീസ് പറയുന്നു. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ലഫ്റ്റനന്റ് ഗവർണർക്കും ദില്ലി പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവർണർ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവതിയുടെ സഹോദരൻ കുറ്റപ്പെടുത്തി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.