കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയാണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. അബ്ദുള്‍ സനൂഫിനായി പൊലിസ് തിരച്ചില്‍ ഊർജ്ജിതമാക്കി.
മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് കോഴിക്കോട് എരിഞ്ഞിപ്പാലത്തെ ലോഡ്ജില്കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ജോലിക്കെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും മകളുടെ മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഫസീലയുടെ പിതാവ് പറഞ്ഞു. സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കിയിരുന്നു. അതേസമയം, സനൂഫ് ലോഡ്ജില്‍ നല്കിയ ഫോണ്‍ നമ്ബറും മേല്‍വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരുപത്തിനാലാം തീയതിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ ലോഡ്ജില്‍ നിന്നും പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. രാത്രി പത്തുമണിയോടെ എടിഎമ്മില്‍ നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാള്‍ പിന്നീട് തിരിച്ച് എത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ നിന്നും കണ്ടെത്തി. ഈ കാര്‍ മറ്റൊരു വ്യക്തിയുടേതാണ്. മുറിയില്‍ നിന്നും ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് അച്ഛൻ മുഹമ്മദ് മാനു ആവശ്യപ്പെട്ടിരുന്നു. തന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റു സ്ത്രീകള്‍ക്ക് സംഭവിക്കരുതെന്നും മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.