മാവൂർ: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഏളമരം കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ മുഴുവൻ സ്ലാബിന്റെയും കോൺക്രീറ്റിങ് പൂർത്തിയായി. വെള്ളിയാഴ്ചയാണ് അവസാന സ്ലാബ് കോൺക്രീറ്റ് ചെയ്തത്. ആകെ 10 സ്ലാബാണ് പാലത്തിനുള്ളത്. കോഴിക്കോട് ജില്ലയിലെ മാവൂർ സെക്ഷനിൽ നിന്ന് 2020 ജൂലൈയിൽ ആണ് ആദ്യ സ്ലാബ് കോണ്‍ക്രീറ്റ് ആരംഭിച്ചത്.
മറുവശത്ത്, മലപ്പുറം ജില്ലയില്‍പെട്ട എളമരം ഭാഗത്തെ അവസാന സ്ലാബാണ് വെള്ളിയാഴ്ച കോണ്‍ക്രീറ്റ് ചെയ്തത്. 2019 മാർച്ചിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഏപ്രിലിൽ മുഴുവൻ ജോലികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മാവൂർ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ടാറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ജോലിയാണ് നടക്കുന്നത്. എളമരം ഭാഗത്ത് എളമരം അങ്ങാടി വരെയുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തി നടന്നു വരുന്നു.
ഈ ഭാഗത്തെ അപ്രോച്ച് റോഡ് ടാറിങ് കഴിഞ്ഞാൽ പാലത്തിനു മുകളിലെ ടാറിങ്ങും നടക്കും. പാലത്തിന്റെ കൈവരി പണി അവസാനഘട്ടത്തിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലും ഫുട്പാത്ത് ടൈലുകലും പെയിന്റിങ് ജോലികളുമായിരിക്കും അവസാന ഘട്ടം നടത്തുക. ഫിനിഷിംഗ് ജോലികൾ ഉൾപ്പെടെയുള്ള ഏപ്രിലിൽ പൂർത്തിയാകും. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് എളമരം കടവില്‍ പാലം പണിയുന്നത്.
350 മീറ്റർ നീളമുള്ള പാലത്തിന് 35 മീറ്റർ വീതമുള്ള 10 സ്പാനുകളാണുള്ളത്. 11.5 മീറ്ററാണ് പാലത്തിന്റെ വീതി. 2019ലെ പ്രളയജലനിരപ്പ് കണക്കിലെടുത്ത് വിദഗ്ധ സംഘത്തിന്റെ നിർദേശപ്രകാരം ഒരു മീറ്റർ ഉയരം വർധിപ്പിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള PTS ഹൈടെക് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബില്‍ഡേഴ്സും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.