മാവൂർ: കനത്ത മഴയും വെള്ളപ്പൊക്കവും വാർത്തകളിൽ നിറയുമ്പോൾ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യമുണ്ട്. കരകവിഞ്ഞൊഴുകുന്ന പുഴകളിലൂടെയും തോടുകളിലൂടെയും മറ്റും ഒഴുകിയെത്തിയ മാലിന്യങ്ങൾ.
പുഴകളിലൂടെയും തോടുകളിലൂടെയും ആളുകൾ ഒഴുക്കിവിട്ട മാലിന്യങ്ങളുടെയും പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങളുടെയും ദുരിതമനുഭവിക്കുന്നത് മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരാണ്. വെള്ളപ്പൊക്കത്തോടൊപ്പം മാലിന്യവും എത്തിയത് നാട്ടുകാർക്ക് ദുരിതമായി. വെള്ളത്തിനൊപ്പം ഒലിച്ചുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവ അടിഞ്ഞു കൂടിക്കിടക്കുകയാണ്. മാത്രവുമല്ല, വെള്ളപ്പൊക്ക ഭീഷണിക്കൊപ്പം പകർച്ചവ്യാധി ഭീഷണിയും നേരിടുകയാണ് പ്രദേശത്തുകാർ.
മഴവെള്ളത്തോടൊപ്പം ഒഴുകിവന്നവയിൽ ഏറിയ പങ്കും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. മദ്യ കുപ്പികളും കുടിവെള്ള ബോട്ടിലുകളും പ്ലാസ്റ്റിക് കീസുകളും ഉൾപ്പെടെയുള്ളവ. ചാക്കുകളിലും കവറുകളിലും കെട്ടി വലിച്ചെറിഞ്ഞവ വേറെയും. വെള്ളത്തിലൂടെ പകരുന്ന നിരവധി രോഗങ്ങൾ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് യാതൊരു ദാഷിണ്യവുമില്ലാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കണ്ടുപിടിച്ച് കർശന നടപടിയെടുത്തേ പറ്റൂ.
ഒഴുകിയെത്തിയ ഈ മാലിന്യങ്ങൾ എങ്ങോട്ടു നീക്കണമെന്ന ആശങ്കയിലാണ് ജനങ്ങൾ. ആരോടാണ് പരാതി പറയേണ്ടത്. എന്തിനും ഏതിനും ഭരണകർത്താക്കളെ കുറ്റം പറയാമെങ്കിലും ഈ കുറ്റം ആരുടെ തലയിൽ കെട്ടിവയ്ക്കും. അധികാരികൾ ഇടപെട്ടാൽ നിലവിലെ മാലിന്യങ്ങൾ നീക്കാമായിരിക്കും. പക്ഷേ, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന ശീലം നമ്മൾ തുടരുന്നിടത്തോളം കാലം നാടും മനുഷ്യനും ഇല്ലാതായിക്കൊണ്ടിരിക്കും. പ്രകൃതിയുടെ നിലനിൽപ്പിനായി മാറേണ്ടത് അധികാരികളല്ല. നാമോരുരുത്തരുമാണെന്ന് ഓർമ്മപ്പെടുത്തുകയാണ്.
സർക്കാരും ആരോഗ്യവകുപ്പും പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നിരന്തരം നടത്തിയിട്ടും ഗ്രാമപഞ്ചായത്തും ഹരിതകർമ്മ സേനയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വീടുകളിലെതുൾപ്പെടെയെത്തി ശേഖരിക്കാൻ തയ്യാറായിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ എന്ത് പേരിട്ടു വിളിക്കും…
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.