ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കോഴിക്കോടന്‍കുന്നില്‍ പുതുതായി അനുവദിച്ച പന്തീരാങ്കാവ് 110 കെ.വി സബ്സ്റ്റേഷന്‍റെ പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 16 ന് തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കുമെന്ന് പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ഒളവണ്ണ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളും കോഴിക്കോട് കോര്‍പറേഷന്‍റെ കിഴക്കു ഭാഗവും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുക, പ്രസരണ നഷ്ടം കുറക്കുക, ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പുവരുത്തുക, ഈ മേഖലയിലെ സമഗ്രവികസനം സാധ്യമാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.
സബ്സ്റ്റേഷന്‍ ഒരുക്കുന്നതിന് 16.9 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്.
കോഴിക്കോട് ടൗണിന് സമീപത്തായി നിലവിലുള്ള 220 കെ.വി സബ്സ്റ്റേഷനില്‍ നിന്നുള്ള 110 കെ.വി ചേളാരി ഫീഡര്‍ കടന്നുപോകുന്ന ലൈനിനോട് ചേര്‍ന്ന് ഒളവണ്ണ വില്ലേജിലെ കോഴിക്കോടന്‍കുന്നില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 1.43 ഏക്കര്‍ സ്ഥലത്താണ് പുതിയ സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഇതിനായി പ്രത്യേക ലൈന്‍ നിര്‍മ്മാണം ആവശ്യമില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ അന്‍പതിനായിരത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ വൈദ്യുതി നല്‍കാനും ഈ മേഖലയിലെ വൈദ്യുതി വിതരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ പദ്ധതി സഹായകമാകും. പരിപാടിയില്‍ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.