ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രനടപടി ശരിവെച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഗുലാം നബി ആസാദ്, ഒമര്‍ അബ്ദുള്ള എന്നിവർ
സുപ്രീം കോടതി വിധി ഇന്ത്യയുടെ തോല്‍വിയാണെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ആത്മവിശ്വാസം വെടിയരുത്. കശ്മീര്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധി നമ്മുടെ തോല്‍വിയല്ല, മറിച്ച് ഇന്ത്യയുടെ തോല്‍വിയാണ്. ഈ വിധി ആഘോഷിക്കുന്ന ധാരളമാളുകളുണ്ടാകാം. ഇന്ന് ജമ്മു-കശ്മീര്‍ ഒരു ജയിലാക്കി മാറ്റി. ഞങ്ങളെ വീട്ടുതടങ്കലിലാക്കി, കടകള്‍ അടച്ചിടണമെന്ന് വ്യാപാരികളോടാവശ്യപ്പെട്ടു. കാലങ്ങളായി അഭീമുഖീകരിക്കുന്ന ഒരു രാഷ്ട്രീയ യുദ്ധമാണിത്. നിരവധി പേര്‍ ഇതിനായി അവരുടെ ജീവന്‍ ത്യജിച്ചു. വെറുതെയിരിക്കാന്‍ ഞങ്ങളൊരുക്കമല്ല, ഒന്നിച്ചു നിന്ന് പോരാടുക തന്നെ ചെയ്യണം, വീഡിയോ സന്ദേശത്തില്‍ മെഹ്ബൂബ മുഫ്തി പറഞ്ഞു.അതെ സമയം അത്യന്തം ദുഃഖകരവും നിരാശാജനകവുമാണ് വിധിയെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി(ഡി.പി.എ.പി.) അധ്യക്ഷനും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് വ്യക്തമാക്കി. ദൗര്‍ഭാഗ്യകരമാണ് വിധിയെങ്കിലും സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. വിധിയില്‍ കശ്മീരിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
വിധിയില്‍ നിരാശരാണ്, പക്ഷേ തോറ്റുപിന്മാറാന്‍ ഒരുക്കമല്ലെന്നായിരുന്നു നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ബി.ജെ.പി.ക്ക് ഇവിടേക്കെത്താന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. ഒരു നീണ്ട പോരാട്ടത്തിന് ഞങ്ങളും സജ്ജരാണ്, ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.