കോഴിക്കോട്: അധികൃതർ പരിശോധനയില്‍ നിന്നു പിൻവാങ്ങിയതോടെ ജില്ലയിലെ പൊതു ഇടങ്ങളില്‍ പുകവലി വ്യാപകമായി. ബസ് സ്റ്റാൻഡുകള്‍, ഷോപ്പിംഗ് മാളുകള്‍, പാർക്കുകള്‍, സിനിമാ തിയറ്ററുകള്‍, മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പുകവലിക്കാരെ കാണാം.
പോലീസ് പുകവലിക്കാരെ തപ്പി സ്ഥിരമായി രംഗത്തിറങ്ങിയിരുന്ന കാലത്ത് പരസ്യമായി പുകവലിക്കാൻ ആളുകള്‍ക്ക് ഭയമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ദൂരപരിധിക്കുള്ളില്‍ പുകയില അടക്കമുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പന നിരോധിച്ചിട്ടുണ്ടെങ്കിലും അധികൃതർ കണ്ണടച്ചതോടെ അവയുടെ വില്പനയും തകൃതിയാണ്.
പുകവലിക്കാർക്ക് കടകളില്‍ നിന്നു തീ കൊടുക്കരുതെന്നാണ് നിയമമെങ്കിലും പരിശോധന ഇല്ലാതായതോടെ പല കടയുടമകളും തീപ്പെട്ടിയും ലൈറ്ററും നല്‍കുന്നുണ്ട്. റോഡില്‍ കൂടി നടന്നുപോകുന്പോള്‍ വരെ പുകവലിക്കാരുടെ ശല്യമുണ്ടെന്നാണ് സ്ത്രീകളുടെ പരാതി. പ്രതികരിച്ചാലും പലപ്പോഴും പുകവലിക്കാർക്ക് കുലുക്കമില്ല.
കോഴിക്കോട് ബീച്ചില്‍ പലപ്പോഴും ആളുകള്‍ സംഘം ചേർന്ന് പുകവലിച്ച് ഉല്ലസിക്കുന്നത് ബീച്ചിലെത്തുന്ന മറ്റ് ആളുകള്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് കോട്ടൂളി സ്വദേശി പി. രമേശ്കുമാർ ചൂണ്ടിക്കാട്ടുന്നത്.
മയക്കുമരുന്നുകള്‍ വ്യാപകമായതോടെ യുവതലമുറയില്‍ പുകവലി കുറഞ്ഞിട്ടുണ്ട്. കുറച്ചുകാലം മുന്‍പുവരെ പൊതു സ്ഥലങ്ങളില്‍ പുകവലി വ്യാപകമായിരുന്നു. ഇപ്പോള്‍ പുകയില ഉത്പന്നങ്ങള്‍ക്കു പകരം എംഡിഎംഎ അടക്കമുള്ള രാസലഹരിയോടാണ് യുവതലമുറയ്ക്ക് പ്രിയമെന്ന് എരഞ്ഞിപ്പാലത്തെ ബേക്കറി ആൻഡ് കൂള്‍ബാർ വ്യാപാരി ഹസൻകോയ ചൂണ്ടിക്കാട്ടി.
മുന്‍പ് തന്റെ കടയുടെ പരിസരങ്ങളില്‍ പുകവലി വ്യാപകമായിരുന്നു. ഇപ്പോള്‍ മുൻപത്തെ അത്ര പുകവലിക്കാരില്ലെന്നും അദേഹം പറഞ്ഞു. മധ്യവയസിനും അതിനും മുകളിലോട്ടും പ്രായമുള്ളവരാണ് പൊതു സ്ഥലങ്ങളിലെ പുകവലിക്കാരിലേറെയും.
പൊതുസ്ഥലങ്ങളിലെ പുകവലി പുകവലിക്കാരനെ മാത്രമല്ല, പുകവലിക്കാത്തവരുടെ അവകാശത്തെയും ഇത് ഹനിക്കുന്നു. പുകവലിക്കാർ വലിച്ചെറിയുന്ന കുറ്റികള്‍ പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കും ദോഷകരമാണ്. സിഗരറ്റ് കുറ്റികളില്‍ കാഡ്മിയം, ലെഡ്, ആർസെനിക് തുടങ്ങിയ രാസവസ്തുക്കളുണ്ട്.
ഇവ വിഴുങ്ങുന്ന പക്ഷികള്‍ക്കും മറ്റു വന്യജീവികള്‍ക്കും ജീവനു ഹാനികരമാകുന്ന അവസ്ഥയുണ്ടാകാം. നദികളിലും ജലാശയങ്ങളിലും സിഗരറ്റ് കുറ്റികള്‍ ഒഴുകിയെത്തുന്നതും ജലസ്രോതസുകളെ മലീമസമാക്കും. പൊതുഇടങ്ങളില്‍ നിരീക്ഷണ കാമറകളുടെ എണ്ണം വർധിച്ചതോടെ ഇതില്‍ നിന്നുള്ള ദൃശ്യങ്ങളടക്കം ശേഖരിച്ച് പുകവലിക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.