ഹൈദരാബാദ്: പട്ടത്തില്‍ കെട്ടിയ ‘ചൈനീസ് മാഞ്ചാ’ കുരുങ്ങി കഴുത്ത് മുറിഞ്ഞ് സൈനികന് മരിച്ചു. നായിക് കെ. കോട്ടേശ്വര റെഡ്ഡിയാണ് ബൈക്കില്‍ പോകുമ്പോള്‍ വഴിയോരത്തെ വിളക്കില്‍ കുരുങ്ങിക്കിടന്ന പട്ടത്തിന്റെ നൂൽ കഴുത്തില്‍ കുരുങ്ങി മുറിഞ്ഞതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥനാങ്ങളില് നിരോധിച്ചതാണ് ചൈനീസ് മാഞ്ചാ നൂൽ.
ഗോള്കോണ്ടയിലെ സൈനിക ആശുപത്രിയില്‍ ജോലിചെയ്യുന്ന നായിക് കെ. കോതേശ്വര ജോലിക്കായി പോകുമ്പോഴാണ് അപകടമുണ്ടായത്. വണ്ടിയിൽനിന്ന് വീണ ഇയാളെ ഒപ്പമുണ്ടായിരുന്ന ശങ്കര്‍ ഡൗഡ് എന്നയാള്‍ ഉടനടി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.ഭാര്യയും രണ്ടുവയസുള്ള മകളും അടങ്ങുന്നതുമാണ് നായികിന്റെ കുടുംബം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മനപൂര്മല്ലാത്ത നരഹത്യക്ക് തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെ കേസെടുത്തു.
ഈടുനില്‍ക്കുന്നതിനാലും പൊട്ടാനുള്ള സാധ്യത കുറവായതിനാലും മത്സരാധിഷ്ഠിതമായി പട്ടം പറത്തുന്നവര്‍ സംക്രാന്തി ആഘോഷത്തിനും മറ്റുമായി ചൈനീസ് മാഞ്ചാ നൂലാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.