മാനന്തവാടി: രണ്ടാഴ്ചയായി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചെങ്കിലും കെണിയില്‍ വീഴാതെ കടുവ വീണ്ടും ആടിനെ ആക്രമിച്ച് കൊന്നു. കുറുക്കന്മൂല പടമല പാറേക്കാട്ടില്‍ അന്നക്കുട്ടിയുടെ ആടിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെ കൊന്നത്. പതിനഞ്ച് ദിവസത്തിനിടെ പത്ത് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊന്നത്. കുറുക്കന്മൂല ബൈജു വടയാപറമ്ബിലിന്റെ നായെ ഇന്നലെ വൈകുന്നേരം 6.45 ഓടെ കടുവ കൊന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ചെറൂര് അയ്യാമറ്റം ജോണിയുടെ പശുക്കിടാവിനെ കൊന്നതോടെ നീണ്ട ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം പ്രദേശത്ത് വനം വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന എന്നിവരുടെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചിരുന്നു.
മയക്കുവെടി വെക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇത് വിജയിക്കാതായതോടെ രാത്രി നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് രണ്ട് കി.മീ. ദൂരത്തുള്ള പടമലയില്‍ കടുവ ആടിനെ കൊന്നത്. ഇതേത്തുടര്‍ന്നാണ് കാവേരി പൊയില്‍ കോളനിക്ക് സമീപം രണ്ടാമത്തെ കൂട് സ്ഥാപിച്ചത്. രാവിലെ മുതല്‍ തിരച്ചിലും ശക്തമാക്കി. കൊല്ലപ്പെട്ട ആടിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഒരു ആടിനെ വാങ്ങിനല്‍കാനും ധാരണയായി.
കടുവ നിമിത്തമായി; ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡെന്റ കസേരയില്‍ ആളെത്തി
മാനന്തവാടി: രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്ന് രണ്ടു മാസമായി ഒഴിഞ്ഞു കിടക്കുകയായിരുന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡെന്റ കസേരയില്‍ ആളെത്തി. കുറുക്കന്മൂലയില് കടുവ ആക്രമണം വലിയ ജനരോഷത്തിനു വഴിയൊരുക്കിയതോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡെന്റ സസ്പെന്ഷന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായി.
ദിവസങ്ങളായി ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാനപാത ഉപരോധം, ഡി.എഫ്.ഒ ഓഫിസ് ഉപരോധം എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറി. കൂട് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചപ്പോഴെല്ലാം കൂട് സ്ഥാപിക്കാന്‍ അനുമതി ഉത്തരവില്‍ ഒപ്പിടേണ്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ ധര്‍മസങ്കടത്തിലാക്കിയിരുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെന്റ നടപടിക്രമങ്ങള്‍ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് മാത്രമെ ഇത്തരം ഉത്തരവുകള്‍ നല്‍കാനുള്ള അനുമതി. മുല്ലപ്പെരിയാറിലെ വിവാദ മരം മുറിയുമായി ബന്ധപ്പെട്ടാണ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന ബെന്നിച്ചന് തോമസിനെ സസ്പെന്‍ഡ് ചെയ്തത്.
ഈ തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കുകയോ, പകരം ചുമതല നല്‍കുകയോ ചെയ്തിരുന്നില്ല. വിദഗ്ധസമിതി കൂട് വെക്കാന്‍ ശിപാര്‍ശ നല്‍കിയിട്ടും ഉത്തരവില്‍ ഒപ്പിടാന്‍ ആളില്ലാത്തതാണ് ഡി.എഫ്.ഒ ഓഫിസ് ഉപരോധം രാത്രി വരെ നീളാന്‍ കാരണം.
വയനാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്നം അവതരിപ്പിക്കുകയും ബെന്നിച്ചന് തോമസിനെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി നിയമിച്ച് ഉത്തരവിറക്കുകയുമായിരുന്നു. ഇതോടെയാണ് രാവിലെ കൂട് വെക്കാനുള്ള ഉത്തരവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയത്.
ഏതായാലും കുറുക്കന് മൂലയില്‍ ഇറങ്ങിയ കടുവ നിമിത്തം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ നിയമിച്ച് ഉത്തരവിറങ്ങിയത് വനം വകുപ്പ് ജീവനക്കാര്‍ക്കും ഏറെ ആശ്വാസമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.