കോഴിക്കോട്: നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ മരണത്തിൽ ഭര്‍ത്താവും കേസിലെ പ്രതിയുമായ സജ്ജാദിന്റെ മാതാവ് അസ്മ. മകനും മരുമകളും ഏറെ നാളായി വീടുവിട്ടിറങ്ങിയതാണ്. 2020 ഡിസംബർ 3-ന് ആയിരുന്നു വിവാഹം. ജനുവരി 25-ന് ഇരുവരും വീടുവിട്ടിറങ്ങി. ഷഹാനെ പിന്നീട് മരിച്ചശേഷമാണ് കാണുന്നത്. ഫോണിൽ ഉൾപ്പെടെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സജ്ജാദിനെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഷഹാനയും സജ്ജാദും വീട്ടിൽ വഴക്കിട്ടിരുന്നു. പലതവണ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഒരു ദിവസം ഇരുവരും തമ്മിലുള്ള തർക്കത്തിനൊടുവിൽ ഷഹാന അടുക്കളയിൽ കയറി കത്തി കയ്യിൽ വച്ചു. ഇതിന് പിന്നാലെയാണ് ഇവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. ഷഹാനയുടെ ജീവിതശൈലിക്കുള്ള വരുമാനം തനിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം വരുമാനത്തിൽ ജീവിക്കാൻ ആവശ്യപ്പെട്ടതായി അസ്മ പറഞ്ഞു.
25 പവൻ സ്വർണം സ്ത്രീധനമായി നൽകിയെന്ന ഷഹാനയുടെ ബന്ധുക്കളുടെ ആരോപണം അസ്മ നിഷേധിച്ചു. ‘ഒന്നും തരില്ലെന്ന് പറഞ്ഞാണ് വിവാഹം ഉറപ്പിച്ചത്. അവർക്ക് ഒരു ഗതിയുമില്ല. ഒളിച്ചോടുമെന്ന് കരുതിയാണ് വിവാഹം കഴിപ്പിച്ചതെന്നു ഷഹാനയുടെ സഹോദരൻ ബിലാൽ എന്നോട് പറഞ്ഞിരുന്നു. എനിക്ക് സ്ത്രീധനമായി ഒന്നും തന്നിട്ടില്ല. അവർക്ക് കൊടുത്തത് എന്ത് ചെയ്തെന്ന് അറിയില്ല.’– അസ്മ പറഞ്ഞു. വീട്ടുകാർ ആലോചിച്ചായിരുന്നു വിവാഹം. എന്നാൽ ഷഹാനയുടെ ചുറ്റുപാടുകൾ കണ്ടതോടെ ആ ബന്ധം വേണ്ടെന്നുവച്ചു. ഷഹാനയും സജ്ജാദും ഫോണിൽ സംസാരിക്കുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷം സജ്ജാദിന്റെ നിർബന്ധപ്രകാരമാണ് വിവാഹം നടന്നത്. സജ്ജാദ് ലഹരി ഉപയോഗിക്കുന്നത് അറിയില്ല. മകന് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തക്കതായ ശിക്ഷ നൽകണമെന്നും അസ്മ പറഞ്ഞു.
അതേസമയം ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്‌എംസി I കോടതി സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റത്തിനുമാണ് സജാദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഷഹാനയുടെ ദുരൂഹ മരണത്തിന് ശേഷം പോലീസ് നടത്തിയ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്.
ഭർത്താവ് സജാദിനെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലായിരുന്നു നടപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സജാദ് ലഹരി മരുന്ന് കച്ചവടക്കാരനാണെന്നാണ് പോലീസ് പറയുന്നത്. ഭക്ഷണ വിതരണത്തിന്റെ മറവിലാണ് ഇയാൾ ഇടപാട് നടത്തിയത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.