മാവൂർ : പുരാതനമായ മാവൂർ ചെറൂപ്പ വളയന്നൂരിലെ പൊക്കിണാത്ത് ഭഗവതി കാവിലെ തിറ താലപ്പൊലി ഉത്സവം ചൊവ്വാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിൻ്റെ ഭാഗമായി വിവിധ വെള്ളാട്ടുകൾ, തിറകൾ, ദാരികവധം, ആട്ടക്കഥ എന്നിവ അരങ്ങേറും.
നാളെ രാവിലെ ഒൻപത് മുപ്പതിന് നടക്കുന്ന കലശം എഴുന്നള്ളത്തോടുകൂടിയാണ് ചെറൂപ്പ പൊക്കിണാത്ത് ഭഗവതിക്കാവിലെ ഇത്തവണത്തെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് വൈകുന്നേരം നാലുമണിക്ക് കാവിന്റെ മുറ്റത്ത് നടക്കുന്ന ഗുരുദേവൻ വെള്ളാട്ടോടെ തിറ ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിക്കും. ആറുമണിക്ക് നടക്കുന്ന ഭഗവതി വെള്ളാട്ടിനൊപ്പം മഞ്ഞ താലിപ്പൊലിയും അരങ്ങേറും. തുടർന്ന് നാഗ വെള്ളാട്ട്, തായമ്പക, അരി താലപ്പൊലി, ഭഗവതി തിറ, ഗുളികൻ എന്നീ തിറകളും കാവിൻ്റെ മുറ്റത്ത് നടക്കും. തിറ ഉത്സവത്തിന്റെ ഭാഗമായി ചാത്തമംഗലം തിറയാട്ട കലാസമിതി അവതരിപ്പിക്കുന്ന ദാരികവധം ആട്ടക്കഥയും ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ ഉച്ചയ്ക്കും വൈകിട്ടും അന്നദാനവും ഉത്സവത്തിന്റെ ഭാഗമായി നടക്കും. ഭക്ത ജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് വലിയ ക്രമീകരണങ്ങൾ ഒരുക്കിയതായും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പി.ഷിനോജ്, വേലായുധൻ പൊക്കിണാത്ത്, പി. പ്രീതിനിവാസൻ, അനിൽകുമാർ ചെറൂപ്പ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.