ഈ വർഷത്തെ ബിസിനസ് ഇന്നൊവേഷൻ അവാർഡ് സൗദി അറേബ്യയിലെ പ്രവാസി വ്യവസായി നൗഷാദ് കൂടരഞ്ഞിക്ക്. ഗൾഫ് മാധ്യമവും ഇന്ത്യൻ എംബസിയും ചേർന്നൊരുക്കിയ ‘മെമ്മറീസ് ഓഫ് ലജൻഡ്സ്’ സംഗീത നിശ ചടങ്ങിൽ റിയാദ് ചേംബർ ഓഫ് കോമേഴ്സിലെ ഇന്‍റർനാഷനൽ കോഓപറേഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ മൻസൂർ ഷാഫി അൽഅജ്മി അവാർഡ് സമ്മാനിച്ചു. 22 രാജ്യങ്ങളിൽനിന്നുള്ള വിവിധയിനം പൂക്കൾ സൗദിയിലെത്തിച്ച് വിപണനം ചെയ്യുന്ന പ്രമുഖ കമ്പനികളിലൊന്നായ ബ്ലൂമാക്സ് ഫ്ലവേഴ്സിന്റെ ചെയർമാനും സി.ഇ.ഒയുമാണ് നൗഷാദ് കൂടരഞ്ഞി. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സ്വദേശിയായ ഇദ്ദേഹം പാർട്ണർ സിദ്ദീഖ് കൂട്ടിലങ്ങാടിയോടൊപ്പം 2004ലാണ് സൗദി അറേബ്യയിൽ കമ്പനി ആരംഭിച്ചത്. റിയാദ്, ദമ്മാം, മദീന, ഖസീം, ഹാഇൽ, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള കമ്പനിയുടെ വാർഷിക വിറ്റുവരവ് 150 കോടി രൂപയാണ്. പൂക്കൾ കൊണ്ട് വലിയ വ്യവസായ സാമ്രാജ്യം പടുത്തുയർത്താനാവുമെന്നും ഇതുപോലെ നൂതന മേഖലകൾ കണ്ടെത്തി വിജയിപ്പിക്കാനാവുമെന്നും തെളിയിച്ച് പുതിയ സംരംഭകർക്ക് പ്രചോദനവും മാതൃകയുമായി മാറിയത് കണക്കിലെടുത്താണ് നൗഷാദ് കൂടരഞ്ഞിയെ ഗൾഫ് മാധ്യമം ബിസിനസ് ഇന്നൊവേഷൻ അവാർഡിന് തെരഞ്ഞെടുത്തത്.1996ൽ മദീനയിലെ അൽഇസ്റ അലൂമിനിയം കമ്പനിയിൽ ടെക്നീഷ്യനായാണ് പ്രവാസത്തിന്റെ തുടക്കം.വിവിധ രംഗങ്ങളിലായി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. 30ലേറെ രാജ്യങ്ങൾ സന്ദർശിച്ചു.
കാർഷിക, ക്ഷീര വികസന മേഖലകൾ ലക്ഷ്യമിട്ട് ആരംഭിച്ച വയനാട് അഗ്രികൾച്ചർ ഡെവലപ്മെന്റ് കമ്പനി (WADCO), പ്രകൃതിദത്ത ശിശു ആഹാര മേഖലയിൽ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഐ മാർക്ക് ലഭിച്ച ഉൽപന്നങ്ങളുടെ മികച്ച ശ്രേണിയുള്ള ആസ് ബഞ്ച് ലിമിറ്റഡ് എന്നീ സംരംഭങ്ങളുടെ ചെയർമാനാണ്. അറിയപ്പെടുന്ന സാമൂഹികപ്രവർത്തകൻ കൂടിയായ അദ്ദേഹം കെ.എം.സി.സിയുടെ മദീന ഘടകം ജനറൽ സെക്രട്ടറി, ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കൂടാതെ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അദ്ദേഹം കവിതയും ലേഖനങ്ങളും എഴുതുന്നുണ്ട് . ‘സ്വപ്നതീരം’ എന്ന പേരിൽ ഒരു ബ്ലോഗും സ്വന്തമായുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.