ദോഹ: പെരുന്നാള് അവധി ആഘോഷത്തിനായി മരുഭൂമിയിലേക്ക് യാത്രപോകവേ ഖത്തർ മിസൈദിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), കോഴിക്കോട് കീഴ്പറമ്പ് സ്വദേശി ഷമീം (35), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37) എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവർ ഇരിട്ടി സ്വദേശി ശരൺജിത്ത് ശേഖരൻ, സജിത്തിന്റെ ഭാര്യ എന്നിവരെ പരുക്കുകളോടെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് സജിത്തിന്റെ 2 കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി മുഐതറിൽ നിന്ന് ഉച്ചയോടെയാണ് ഇവർ സീലൈനിലേക്ക് തിരിക്കുന്നത്. വൈകുന്നേരത്തോടെ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കല്ലിലിടിച്ച് ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു. മൂവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ എയർ ആംബുലൻസിൽ വക്ര ഹമദ് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച റസാഖ് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ജോലി ചെയ്തിരുന്നത്. സജിത്ത് വുഖൂദ് ജീവനക്കാരനാണ്. സമീപത്തെ വില്ലകളിലാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹങ്ങൾ വക്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷമീമിന്റെ മൃതദേഹം അബു ഹമൂർ ഖബർ സ്ഥാനിൽ മറവു ചെയ്തേക്കും. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.