ബാലുശ്ശേരി: മലബാർ വന്യജീവി സങ്കേതത്തിൽ കടുവകളുടെ സാന്നിധ്യമുണ്ടെന്ന് കാണിച്ച് വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചു. മലബാർ വന്യജീവി സങ്കേതത്തിലെ കക്കയം വനത്തിൽ ഡാം സെറ്റ് റോഡിൽ ആണ് കടുവയുടെ ചിത്രം പതിച്ച പുതിയ ബോർഡ് വനംവകുപ്പ് സ്ഥാപിച്ചത്. വന്യമൃഗങ്ങൾ കടന്നുപോകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോർഡിലാണ് കടുവയുടെ ചിത്രം വെച്ചിട്ടുള്ളത്.
കക്കയം വനമേഖലയിൽ കടുവയുടെ സാന്നിധ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടിട്ടില്ലെങ്കിലും കക്കയം വനത്തിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് കരുതുന്നത്. ആനകളും കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും മറ്റ് വന്യജീവികളും ധാരാളം ഇവിടെയുണ്ട്. ഡാം സൈറ്റിന് സമീപത്തെ വാൽവ് ഹൗസിന് സമീപത്തെ ജീവനക്കാർ കഴിഞ്ഞ ജനുവരിയിൽ കടുവയെ കണ്ടതായി അറിയിച്ചിരുന്നെങ്കിലും വനത്തില്‍ തന്നെയായിരുന്നതിനാല്‍ വലിയ ഒച്ചയോ ബഹളമോ ഉണ്ടായില്ല. കഴിഞ്ഞ 18 ന് കക്കയം വനാതിർത്തി പ്രദേശമായ തലയാട് ചെമ്പുകര പുല്ലുമലയിൽ താമസിക്കുന്ന ജോസില്‍ പി. ജോണ്‍. റബ്ബർ തോട്ടത്തിൽ കടുവയെ നേരിട്ട് കണ്ടതായി വിവരം ലഭിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവകളെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും അടുത്ത ദിവസം തന്നെ നീക്കം ചെയ്തു. ക്യാമറയിൽ പതിഞ്ഞത് കാട്ടുപന്നി മാത്രം ആയിരുന്നു. 22ന് തലയാട് പടിക്കൽവയൽ തുവ്വക്കടവ് പാലത്തിന് സമീപം രാത്രിയിൽ കടുവയെ കണ്ടതായി സഹദ് അറിയിച്ചിരുന്നു. പിറ്റേന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചെങ്കിലും കാൽപാട് ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്താനായില്ല.
കടുവയുടെ സാന്നിധ്യം നാട്ടുകാർക്ക് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്. കക്കയം വനത്തോട് ചേർന്നുള്ള ചെമ്പുക്കര, തലയാട്, പെരിയമല, ചീടിക്കുഴി മേഖലകളിൽ കടുവയുടെ സാന്നിധ്യം നാട്ടുകാർ ഭയക്കുന്നുണ്ടെങ്കിലും വനംവകുപ്പിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കാടുമൂടിയ ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ കന്നുകാലി, കോഴി, താറാവ് എന്നിവയെ വളർത്തിയാണ് ഉപജീവനം നടത്തുന്നത്. കടുവയുടെ സാന്നിധ്യമറിഞ്ഞ് കന്നുകാലികളെ മേയ്ക്കാനോ മറ്റ് വളർത്തുമൃഗങ്ങളെ വിട്ടയക്കാനോ വീട്ടുകാർക്ക് പേടിയാണ്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങൾക്ക് സമാധാനപരമായ ജീവിതം നയിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതിൽ, വാർഡ് അംഗം ദെയ്ജ അമീന്, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അജീദ്രന്‍ കല്ലാച്ചിക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.