തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ ആനയോട് പുലിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയില്‍ നാട്ടുകാർ. ആനയോട് കാഞ്ഞിരക്കൊമ്ബേല് ജയ്സന്റെ വീട്ടിലെ വളർത്തു നായ് ശനിയാഴ്ച പുലർച്ച അപ്രത്യക്ഷമായി. വീടിനു സമീപം രക്തക്കറ കണ്ടെത്തി. നായയെ പുലി പിടികൂടിയതാണെന്നാണ് കരുതുന്നത്. പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ സ്ഥലത്ത് നിന്ന് കണ്ടെത്തി.
പുലിയുടേതാണ് കാൽപ്പാടുകൾ എന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. പ്രദേശത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ സിസിടിവി ക്യാമറ സ്ഥാപിക്കും.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. ഷാജിയുടെ നിർദേശപ്രകാരം പിടികപ്പാറ സെക്ഷനിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ എന്നിവർ സ്ഥലത്തെത്തി. ബിറ്റ് ഫോറസ്റ്റ് ഓഫിസർന്മാരായ കെ. ബിനീത്, ബിമല്‍ദാസ്, റെസ്ക്യുവാച്ചർമാരായ കരീം മുക്കം, സി.കെ. ശബീർ എന്നിവർ പരിശോധനക്ക് നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.