കൂളിമാട്: പുകയെ പുറത്തു ചാടിച്ച കൂളിമാട്ടുകാരുടെ അക്ഷര വെളിച്ചം ഓർമ്മയാവുന്നു. കൂളിമാട് ഗ്രാമത്തിൻ്റെ യശസ്സ് ആകാശത്തോളം ഉയർത്തിയ ഒട്ടേറെ ആശയങ്ങൾക്ക് സാക്ഷ്യം വഹിച്ച അക്ഷര കൂളിമാടിന്റെ കെട്ടിടം പൊളിച്ചു മാറ്റുന്നു. റോഡ് വികസനത്തിൻ്റെ ഭാഗമായാണ് കെട്ടിടം പൊളിക്കുന്നത്.
ക്യാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾക്ക് കാരണമായ പുകയില ഉൽപന്നങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് നിരോധിക്കുകയും, തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിൽ അതുകൊണ്ടുള്ള ലാഭം വേണ്ടെന്നും, വീടുകളിൽ ആസ്വാദനത്തിന് വേണ്ടിയാണെങ്കിൽ പോലും ആ ഇരുണ്ട പുക ചുരുളുകൾ ഇനി പിറക്കാനുള്ള കുഞ്ഞിന് പോലും വേണ്ടെന്ന് ദൃഡപ്രതിജ്ഞ എടുത്ത ഒരു സമൂഹത്തിന്റെ വിപ്ലവകരമായ സ്മരണകൾ ഇരമ്പും അക്ഷര സൗധം ഓർമ്മച്ചെപ്പിലേക്ക് വഴിമാറുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമമാണ് കൂളിമാട്. ജില്ലാ ഭരണകൂടം പുകയില രഹിതമായി പ്രഖ്യാപിച്ചതോടെ മാവൂരിൽ നിന്ന് 3 കിലോമീറ്ററും കോഴിക്കോട് നിന്ന് 25 കിലോമീറ്ററും അകലെ ചാലിയാറിൻ്റെ തീരത്തെ കൂളിമാട് ഗ്രാമവും ചരിത്രത്തിലിടം പിടിച്ചു. ഒരു വർഷത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ 1995 ജനുവരി 11ന് കൂളിമാടിനെ പുകയില വിമുക്തമായി പ്രഖ്യാപിച്ചു.
1988 ൻ്റെ തുടക്കത്തിൽ ഒരു ചെറിയ പ്രാദേശിക വായനശാലയായി രൂപംകൊണ്ട അക്ഷരയിൽ പുകയില നിരോധിച്ചായിരുന്നു തുടക്കം. താമസിയാതെ കൂളിമാട് പ്രദേശമൊന്നാകെ പുകവലി മുക്തമാക്കാനുള്ള ശ്രമത്തിലായി. പാൻ മസാലയുടെയും പുകവലിയുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് ഗ്രാമവാസികളെ ബോധവൽക്കരിക്കാൻ അക്ഷര മുൻകൈയെടുത്തു.
വീടുതോറുമുള്ള പ്രചാരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്തു. ബോധവൽക്കരണ ക്ലാസുകൾ നടത്തി. പ്രാദേശത്തെ വ്യാപാരികൾ കൂടി സഹകരിച്ചതോടെ 1995 ജനുവരിയിൽ ലഹരി മുക്തഗ്രാമമെന്ന ലക്ഷ്യം പൂർത്തീകരിക്കുകയായിരുന്നു.
പൊളിച്ചു മാറ്റുന്ന അക്ഷര കൂളിമാടിന്റെ കെട്ടിടത്തിന് പകരം നൂതന സൗകര്യത്തോടുകൂടിയ പുതിയ കെട്ടിടം സാധ്യമാകും എന്ന ശുഭ പ്രതീക്ഷയിലാണ് നാട്ടുകാർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.