റിയാദ്: എല്ലാ അറബ് രാജ്യങ്ങളിലും അഞ്ച് വർഷത്തേക്ക് പ്രവേശനം അനുവദിക്കുന്ന വിസ വരുന്നു. നിക്ഷേപകർക്ക് ഇത്തരം വിസ അനുവദിക്കണമെന്ന് അറബ് ചേംബേഴ്സ് യൂണിയൻ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് നൽകിയ നിവേദനത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അറബ് ചേംബേഴ്സ് യൂണിയൻ വ്യക്തമാക്കി.
ഏകീകൃത വീസയിലൂടെ നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം അറബ് വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് ഒരു ‘വൈറ്റ് ലിസ്റ്റ്’ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശം അറബ് ലീഗ് സെക്രട്ടറി ജനറലിനും അറബ് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാർക്കും സമർപ്പിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമാണുള്ളതെന്നും യൂണിയൻ ഓഫ് അറബ് ചേംബേഴ്‌സ് സെക്രട്ടറി ജനറൽ ഖാലിദ് ഹനഫി അറിയിച്ചു. പുതിയ വീസ നിലവിൽ വന്നാൽ അറബ് ബിസിനസുകാർക്ക് ഓരോ തവണയും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങൾ ഒഴിവായി കിട്ടും. അറബ് ബിസിനസുകാർക്ക് 5 വർഷത്തേക്ക് ഏതെങ്കിലും അറബ് രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് മാറാൻ വൈറ്റ് ലിസ്റ്റ് വീസ അനുവദിക്കും.
സംയുക്ത അറബ് നിക്ഷേപം വർധിപ്പിക്കാനും അറബ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ജിസിസി രാജ്യങ്ങൾ പുതിയ ഏകീകൃത വീസ നടപ്പാക്കാൻ തീരുമാനിച്ചതും യൂറോപ്യൻ, ഷെൻജൻ വീസകളുള്ളവർക്കും ഈജിപ്തും സൗദി അറേബ്യയും ഓൺ അറൈവൽ വീസ അനുവദിച്ചതും കാരണം ബിസിനസുകാർക്ക് വിവിധ രാജ്യങ്ങളിൽ സഞ്ചാരം സുഗമമാകേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.