കോഴിക്കോട്: ട്രോളിംഗ് നിരോധനം 31ന് അവസാനിക്കാനിരിക്കെ ബോട്ടുകള്‍ കടലിലിറക്കുന്നതിനായി മത്സ്യബന്ധന കേന്ദ്രങ്ങളില്‍ ഒരുക്കമാരംഭിച്ചു. ലക്ഷങ്ങള്‍ ചെലവിട്ട് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയും വലകളും മറ്റും പുതുക്കിയും കേടുപാടുകള്‍ തീർത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.ഇന്ധനം ശേഖരിച്ചു തുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസല്‍ ബങ്കുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്നുപ്രവർത്തിക്കാൻ അനുമതി നല്കി.
അവശേഷിക്കുന്ന ദിവസങ്ങളില്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി ഇന്ധനവും ഐസും റേഷനും ശേഖരിച്ചുതുടങ്ങും. നീണ്ട 52 ദിവസത്തെ ഇടവേളയ്ക്കുശേഷം മീൻപിടിത്തത്തിനിറങ്ങാനിരിക്കെ ഇത്തവണയും കാലാവസ്ഥ പ്രതികൂലമായേക്കുമെന്ന ഭയപ്പാടിലാണ് മത്സ്യമേഖല. കഴിഞ്ഞ സീസണില്‍ വരുമാനം ഏറ്റവും കുറവായിരുന്നു.
ഇന്ധന വിലവർധനയും ഫീസ് വർധനയും മത്സ്യമേഖലയെ അലട്ടുന്നുണ്ട്. നിരോധന കാലം മലബാർ മേഖലയില്‍ പൂർണമായും സമാധാനപരമായിരുന്നു. അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല. ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമായി നടപ്പാക്കാനായി.
ഇതിന്റെ ഫലമായി 125 ഓളം മത്സ്യത്തൊഴിലാളികളെ അപകടങ്ങളില്‍നിന്ന് രക്ഷിക്കാനായതായി ഫിഷറീസ് ജോ. ഡയറക്ടർ ബി.കെ. സുധീർ കിഷൻ പറഞ്ഞു. ജില്ലയില്‍ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്ബാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായ രജിസ്റ്റർ ചെയ്ത 1250 ഓളം ബോട്ടുകളാണുള്ളത്. ഇവയില്‍ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. കൊയിലാണ്ടിയും ചോമ്ബാലും പ്രധാനമായും ചെറു ബോട്ടുകളാണുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.