കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും അമ്മായിയമ്മയും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ (26), മാതാവ് സാക്കിറ (56) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതായത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവും അമ്മായിയമ്മയും കുഞ്ഞിനെയും കൊണ്ട് വീടുവിട്ടിറങ്ങിയതായി യുവതി പറഞ്ഞു. പരാതിയിൽ ചേവായൂർ പോലീസ് കേസെടുത്തു. ജുവനൈൽ ആക്ട്, കുട്ടിയെ തട്ടിക്കൊണ്ട് പോകല് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് ആദിൽ മക്കട സ്വദേശിനിയെ വിവാഹം കഴിച്ചത്. എന്നാൽ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ട്. പ്രസവശേഷം കുഞ്ഞിനെ ഇത് വരെ അമ്മയെ കാണിച്ചിരുന്നില്ല. ഒടുവിൽ പോലീസിൽ പരാതിപ്പെടാൻ യുവതിയും കുടുംബവും തീരുമാനിച്ചു. ഇന്ന് രാവിലെ ചേവായൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസുകാർക്കൊപ്പം വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു.
കുഞ്ഞിനെയും കൊണ്ട് ആദിലും അമ്മയും പുറത്തേക്ക് പോയതായി അയൽവാസികൾ പറഞ്ഞു. ആദിൽ നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്നു. കുഞ്ഞിനെ അവിടെ കൊണ്ടുപോയിരിക്കാമെന്ന സംശയം യുവതി പ്രകടിപ്പിച്ചു. തുടർന്ന് പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം അതിർത്തി കടക്കുന്നതിന് മുമ്പ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.