കോഴിക്കോട്: വ്ലോഗറും ആൽബം നടിയുമായ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി തേടി താമരശ്ശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് കോഴിക്കോട് ആർഡിഒയ്ക്ക് കത്തുനല്‍കി.
അവധി കഴിഞ്ഞ് ഇന്ന് ഓഫീസ് തുറക്കുമ്പോൾ ആർഡിഒ അപേക്ഷ പരിഗണിച്ചേക്കും. മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാൽ അടുത്ത ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായിലെ ജാഫിലിയയിലുള്ള വസതിയിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ പോസ്റ്റ്‌മോർട്ടം നടത്താതെയാണ് വീട്ടിലെത്തിച്ചത്. അവിടെ നിന്ന് ഫോറൻസിക് റിപ്പോർട്ട് മാത്രമാണ് നൽകിയതെന്ന് കേസ് അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫ് പറഞ്ഞു.
തൂങ്ങി മരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതാണ്. ഇക്കാര്യത്തില്‍ വീട്ടുകാര്‍ക്കു സംശയമുള്ളതിനാലാണ് പോസ്റ്റ്മോര്‍ട്ടത്തിനു അനുമതി തേടിയത്. ദുബായില്‍ പോസ്റ്റുമോര്‍ട്ടം നടത്താത്തതില്‍ ദുരുഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഫോറന്‍സിക് നടപടികള്‍ പോസ്റ്റുമോര്‍ട്ടംമാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനകം സംസ്കരിക്കാന്‍ ബന്ധുക്കളില്‍ സമ്മര്‍ദമുണ്ടായിരുന്നു.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹനാസിനെതിരെ കാക്കൂർ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ദുബായിൽ തൂങ്ങിമരിച്ച നിലയിൽ റിഫയുടെ മൃതദേഹം ആദ്യം കണ്ടത് ഭർത്താവും സുഹൃത്തുമാണ്. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ ശ്രമിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. റിഫയോട് ഭർത്താവ് മോശമായി പെരുമാറിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മരണത്തില്‍ ദൂരൂഹത ആരോപിച്ച റിഫയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു.
രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിൽ ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ട കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫയുടെ മരണത്തിലെ ദുരൂഹത അഴിയുന്നത്.
റിഫയുടെ മരണശേഷം ഇവരുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത വീണ്ടും ഉയരുന്നത്. റിഫയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പകർത്തിയതെന്ന് കരുതുന്ന ഓഡിയോ സന്ദേശത്തിൽ ഭർത്താവ് മെഹ്നുവിന്റെ നിരുത്തരവാദപരമായ നിലപാടുകളെക്കുറിച്ചും മെഹ്നുവിന്റെ സുഹൃത്തിനെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ഉണ്ട്.
മെഹ്നുവിന്‍റെ ജംഷാദ് എന്ന സുഹൃത്തിനെ കുറിച്ചാണ് വോയിസ് ക്ലിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ വോയിസ് ക്ലിപ്പ് പുറത്തുവന്നതോടെ റിഫയുടെ മരണത്തിൽ അതീവഗുരുതരമായ ചില ദുരൂഹതകൾ ഉയർന്നിരിക്കുകയാണ്. തുടർന്നുള്ള അന്വേഷണങ്ങളാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിലേക്ക് നയിച്ചത്. റിഫയുടെ മരണകാരണത്തെ സംബന്ധിച്ചു ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണെങ്കിലും അങ്ങനെയൊന്നുമില്ലെന്ന വാദത്തിലായിരുന്നു ഭര്‍ത്താവ് മെഹ്നു ബന്ധുക്കളും.
ദുബായില്‍ മെഹ്നുവിനൊപ്പം കഴിഞ്ഞിരുന്ന റിഫ ഭര്‍ത്താവ് പുറത്തു പോയ സമയത്ത് ജീവനൊടുക്കിയെന്നാണ് പറയുന്നത്. റിഫയും മെഹ്നുവും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിഫയുടെ ബന്ധുക്കളും പറഞ്ഞു. റിഫയുടെ മരണത്തിന് തലേദിവസം അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഭർത്താവ് മെഹ്നുവും അവകാശപ്പെട്ടു. എന്നാൽ, അതിനിടെ ആണ് ഇവരുടെ കുടുംബജീവിതത്തിലെ ചില പ്രശ്‌നങ്ങൾ വെളിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പ് പുറത്തു വന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.