മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സംഗമേശ്വറില്‍ നിന്നാണ് നാസിക് സിറ്റി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന് കാണിച്ച് മൂന്നു കേസുകളാണ് റാണെയ്ക്ക് എതിരെ എടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ തല്ലണം എന്നായിരുന്നു നാരായണ്‍ റാണെയുടെ ആഹ്വാനം. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
“സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ”- തിങ്കളാഴ്ച റായ്ഗഡ് ജില്ലയില്‍ നടന്ന ജന്‍ ആശീര്‍വാദ് യാത്രയ്ക്കിടെ റാണെ പറഞ്ഞു.
അതേസമയം, എഫ്ഐആറുകള്‍ക്ക് എതിരെ നാരായണ്‍ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമാദര്‍ എന്നിവരടങ്ങിയ ബെഞ്ച് നിഷേധിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയുടെ രജിസ്ട്രി ഡിപ്പാര്‍ട്ടമെന്റില്‍ അപേക്ഷ നല്കാന് ബെഞ്ച് റാണെയുടെ അഭിഭാഷകനോട് നിര്‍ദേശിച്ചു.
റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേന, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. നാരായണ്‍ റാണെയുടെ പ്രസ്താവന ശിവ്സേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. സംസ്ഥാനത്തെമ്ബാടും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. റാണെയുടെ വസതിയിലേക്ക് ശിവസേന നടത്തിയ മാര്‍ച്ച് സംഘര്ഷത്തിലവാണ് കലാശിച്ചത്. നാരായണ്‍ റാണെയുടെ വീടിന് നേരെ ശിവസേന പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. നാസിക്കിലെ ബിജെപി ഓഫീസും ശിവസേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പലയിടത്തും സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസിന് ബലപ്രയോഗം നടത്തേണ്ടിവന്നു. നാഗ്പൂരിലെ ബിജെപി ഓഫീസിനു നേരെയും ഇന്നുരാവിലെ ശിവസേന നേതാക്കള്‍ കല്ലെറിഞ്ഞു. സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സൃഷിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കള്‍ ആരോപിച്ചു. ജുഹുവില്‍ റാണെയുടെ വസതിക്ക് മുന്നില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
കേസില്‍ മന്ത്രിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന് കോടതി നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും നാസിക് പൊലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.