കോഴിക്കോട്: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുന്നത് 2000 ത്തോളം വാഹനങ്ങൾ. പിടികൂടിയ വാഹനങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്ത്, അപകടം സംഭവിക്കുകയും വിവിധ കുറ്റകൃത്യങ്ങളില്‍പെട്ടവയും ഉപേക്ഷിക്കപ്പെട്ടവയുമാണ്. ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കോടികൾ വിലമതിക്കുന്ന ആഡംബര കാറുകളും ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കുകളുമുണ്ട്. ഇവയെല്ലാം തുരുമ്പെടുത്തു ദ്രവിച്ചു കൊണ്ടിരിക്കുകയാണ്.
പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് പുറമെ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ഇരുനൂറിലധികം വാഹനങ്ങൾ കസ്റ്റഡിയിലുണ്ട്. കോഴിക്കോട് പിടികൂടിയ വാഹനങ്ങൾ ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്.
രേഖകളില്ലാത്തതും അപകടമുണ്ടാക്കുന്നതുമായ നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ 25 ഇരുചക്രവാഹനങ്ങളുണ്ട്. ഇത് വാഹനാഭ്യാസം നടത്തുകയും, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
മിക്ക പോലീസ് സ്‌റ്റേഷനുകളിലും ആളുകൾക്ക് നിൽക്കാൻ പോലും കഴിയാത്ത വിധം വാഹനങ്ങൾ കുന്നുകൂടിയിരിക്കുകയാണ്. സ്റ്റേഷന്റെ വളപ്പില്‍ വാഹനം നിര്‍ത്തിയിടാന്‍ സാധിക്കാതെവരുമ്ബോള്‍ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്ഥലത്ത് നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ ചൂടു കൂടുന്നതോടെ തീപിടിക്കാൻ സാധ്യതയുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളിൽ പലതും കോടതി നടപടികൾക്ക് ശേഷം ലേലം ചെയ്യാവുന്ന വാഹനങ്ങളാണ്. നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ ലേലത്തിന് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് പറയുന്നത്.
മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലും മാവൂരിലുമായി 100 വീതം വാഹനങ്ങളുമുണ്ട്. വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ അൻപതോളം ഇരുചക്രവാഹനങ്ങളും ഇരുപതോളം മറ്റുള്ള വാഹനങ്ങളും നടപടിക്രമങ്ങൾ പൂർത്തിയാകാതെ കാത്തിരിക്കുകയാണ്. ഡി.വൈ.എസ്.പി ഓഫീസിനും പോലീസ് ക്വാർട്ടേഴ്‌സിനും സമീപം ഇരുപത്തഞ്ചോളം വാഹനങ്ങളുണ്ട്. എട്ട് മിനിലോറികള്‍ മാത്രം ഇവിടെയുണ്ട്. ഇതെല്ലാം മണൽ കടത്തുന്നതിനിടെയാണ് പിടികൂടിയത്. പ്രമാദമായ ടൈക്കൂണ്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിച്ചെടുത്ത ആഡംബര വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ചോമ്പാല പോലീസ് സ്റ്റേഷനിൽ പിടികൂടിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി മേൽപ്പാലത്തിന്റെ അടിവശത്താണ് നിര്‍ത്തിയിട്ടിരിക്കുന്നത്. അമ്പതോളം വാഹനങ്ങളാണ് ഇവിടെയുള്ളത്. നാദാപുരം സ്റ്റേഷനിലും പുറത്തുമായി അൻപതോളം വാഹനങ്ങളുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്ത പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലും പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലും വാഹനങ്ങൾ റോഡരികിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും പാർക്ക് ചെയ്തിരിക്കുകയാണ്. നൂറിലധികം വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്.
മെഡിക്കൽ കോളേജിൽ 62 വാഹനങ്ങളും ഫറോക്ക് പോലീസ് സ്റ്റേഷനിൽ 227 വാഹനങ്ങളും കൂട്ടിയിട്ടിരിക്കയാണ്. ഫറോക്കിൽ വാഹനങ്ങൾക്ക് മുകളിൽ മറ്റ് വാഹനങ്ങൾ കയറ്റിവെച്ചിരിക്കയാണ്. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ടിപ്പർ ലോറികൾ പിടിക്കപ്പെട്ടത് ഇവിടെയാണ്. നൂറിലധികം വാഹനങ്ങളാണ് ബാലുശേരി സ്റ്റേഷൻ വളപ്പി ലും കാലങ്ങളായി കെട്ടിക്കിടക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.