ന്യൂഡൽഹി: തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് അഴിമതി കേസ് രജിസ്റ്റർ ചെയ്തതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കോഴ തേടിയതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്.
വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാനം നൽകിയ അപ്പീൽ പിഴയോടെ തള്ളണമെന്നും കെ.എം ഷാജി സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ അപ്പീലിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് കെ.എം ഷാജിക്ക് നേരത്തെ നോട്ടീസയച്ചിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലമാണ് ഷാജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകളില്ലെങ്കിലും ഷാജിക്കെതിരെ പരോക്ഷമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗളും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദും നേരത്തെ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.എന്നാൽ, ഈ വാദം അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന ഫയൽചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ഷാജി നിരാകരിച്ചു. പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലായിരുന്നു സിപിഎം നേതാവിന്റെ പരാതി. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ ആരോപിച്ചു. സ്കൂൾ മാനേജ്മെന്റ പ്ലസ് ടു കോഴ്സ് ലഭിക്കുന്നതിനായി കോഴ നൽകിയിട്ടില്ലെന്ന് സ്കൂൾ മാനേജർ മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.