കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സന്ദർശകർക്ക് നാളെ മുതൽ പ്രവേശനം അനുവദിക്കും. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെമുതല്‍ നീക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.
മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. കോര്പ്പറേഷന്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തില്‍ തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിര്‍ബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും കോര്പറേഷന് പിഴ ഈടാക്കുന്നതായിരിക്കും.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബീച്ചിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും മാസങ്ങൾക്കു മുൻപ് തുറന്നുകൊടുത്തിരുന്നു. എന്നാൽ, രണ്ടാം വ്യാപനത്തിനു പിറകെ ആറു മാസം മുൻപ് ബീച്ചിൽ വീണ്ടും പ്രവേശനത്തിന് വിലക്കേർപ്പെടുത്തി.
നിലവിൽ ജില്ലയിലടക്കം കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടും ബീച്ച് തുറന്നുകൊടുക്കാൻ നടപടിയുണ്ടായിരുന്നില്ല. മറ്റു ജില്ലകളിലും കോഴിക്കോട്ടെ കാപ്പാട് ഉൾപ്പെടെയുള്ള ബീച്ചുകളും വിനോദ കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊടുത്തപ്പോഴും കോഴിക്കോട് ബീച്ചിൽ കടുത്ത നിയന്ത്രണം തുടരുകയായിരുന്നു.
കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്. സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്. എന്നാൽ, ഇതിനുശേഷം സഞ്ചാരികൾക്ക് ഈ ബീച്ചുകളിലേക്കൊന്നും പ്രവേശനം അനുവദിച്ചിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.