ഓമശ്ശേരി: ഓമശ്ശേരിയില്‍ തോട്ടിലെ വെള്ളത്തില്‍ നിറയെ നുരഞ്ഞുപൊന്തിയ വെളുത്ത പത കണ്ട് നാട്ടുകാര്‍ ആശങ്കയിലായി.
ഓമശ്ശേരി പഞ്ചായത്തിലെ 31-ാം ഡിവിഷനിലെ മുണ്ടുപാറയിലെ നിവാസികളാണ് അസാധാരണ പ്രതിഭാസത്തിൽ പരിഭ്രാന്തരായത്. തുടർന്നുള്ള അന്വേഷണത്തിലാണ് അവർ കാരണം കണ്ടെത്തിയത്. പ്രദേശത്തെ പെയിൻ്റ് ഗോഡൗണിൽ നിന്ന് രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിൻ്റെ ഭാഗമായാണ് പത ഉയര്‍ന്നുവന്നത്.
ഇന്നലെ വൈകിയാണ് സംഭവങ്ങളുടെ തുടക്കം. മിക്ക ഭാഗങ്ങളിലും തോട്ടിൽ ഒരു വള്ളം പോലും കാണാൻ കഴിയാത്ത വിധം പത ഉയർന്നിരുന്നു. രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. വാർഡിൽ പനിയും മഞ്ഞപ്പിത്തവും വ്യാപകമാണ്. തോടിന് സമീപത്തായി നിരവധി വീട്ടുകിണറുകളുമുണ്ട്. ഇപ്പോൾ രാസമാലിന്യം തുറന്നുവിട്ടതോടെ കുടിവെള്ള സ്രോതസ്സ് മലിനമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഗോഡൗൺ ഒഴിയുന്നതിനാൽ ശുചീകരണത്തിൻ്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന രാസവസ്തുക്കൾ നീക്കം ചെയ്തതായി കമ്പനി അധികൃതർ പറയുന്നു. തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായും പരാതിയുണ്ട്. പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.