കോഴിക്കോട്: ഇന്ന് വീശിയടിച്ച ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ നിലംപൊത്തുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീശിയടിച്ച കാറ്റിൽ മാവൂർ കോഴിക്കോട് റോഡിൽ മാവൂർ പെട്രോൾ പമ്പിന് സമീപത്തായി വൻമരം റോഡിലേക്ക് പൊട്ടിവീണതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കുകയായിരുന്നു.
കണ്ണിപറമ്പ് വാഴക്കോട്ട് രാഘവൻ നായരുടെ വീടിന് മുകളിലേക്ക് മരം വീണു. കുറ്റിക്കടവിൽ മരം പൊട്ടിവീണതിനെ തുടർന്ന് കുറ്റിക്കടവ് കണ്ണിപറമ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പനങ്ങോട് മുണ്ടനട റോഡ്, താത്തൂർ അടിപറമ്പ് റോഡ് തുടങ്ങി മിക്കയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മിക്കയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തിയതിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി.
വടകര എടച്ചേരി വേങ്ങോലിയിലും കുറ്റ്യാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത്കുന്നിലുമാണ് പുലര്‍ച്ചെ ശക്തമായ മഴയും മിന്നല്‍ ചുഴലിയും ഉണ്ടായത്. വീടിന്‍റെ മേല്‍ക്കൂര വീണ് കാവിലുംപാറ മൂന്നാംകൈ സ്വദേശി സ്വപ്നയ്ക്ക് പരിക്കേറ്റു. വേങ്ങോലിയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ മരംവീണ് ആറ് വീടുകള്‍ക്ക് ഭാഗിക നാശ നഷ്ടം ഉണ്ടായി. അംഗനവാടിയുടെ മേല്‍ക്കൂര നൂറ്റമ്പത് മീറ്ററോളം പറന്നുപോയി. നിരവധി മരങ്ങള്‍ കടപുഴകി. വിലങ്ങാടും മിന്നല്‍ചുഴലി ഉണ്ടായി. ഇവിടേയും വ്യാപക നാശനഷ്ടമുണ്ട്. വൈദ്യുതി ലൈനുകളില്‍ മരംവീണ് വൈദ്യുതി ബന്ധം താറുമാറായി. താമരശേരിയില്‍ മരം വീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.