തിരുവമ്പാടി: തിരുവമ്പാടി പുന്നക്കലിൽ കാട്ടുപന്നികളെ അനധികൃതമായി വേട്ടയാടുന്നുവെന്ന പരാതിയിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി.
ആറ് കാട്ടുപന്നികളെ വേട്ടയാടി പിടികൂടിയ സംഭവത്തിലാണ് ജില്ലാ വനംവകുപ്പ് വിജിലൻസ് ഫ്ളൈയിംഗ് സ്ക്വാഡ് പ്രാഥമിക അന്വേഷണത്തിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെത്തിയത്. പന്നികളെ വെടിവെച്ചുകൊന്നതിൻ്റെ ചിത്രങ്ങളില്ലെന്നും ജഡങ്ങൾ സംസ്കരിക്കുന്നതിന് പകരം ഭക്ഷണസാധനങ്ങളാക്കി മാറ്റിയതായും സംശയമുയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് വിജിലൻസില്‍ പരാതിയെത്തിയതെന്നാണ് സൂചന. ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡായ പുന്നക്കലിൽ ജൂലൈ ആദ്യവാരം അനധികൃത പന്നിവേട്ട നടന്നതായാണ് പരാതി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, ഗ്രാമപ്പഞ്ചായത്ത് അംഗം ഷൈനി ബെന്നി എന്നിവരുടെ സാന്നിധ്യത്തിൽ പുന്നക്കൽ റോഡിൽ കാട്ടുപന്നി വേട്ട നടത്തിയതായി ഒരു പത്ര വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം തൻ്റെ അനുവാദത്തോടെയാണ് പുന്നക്കലിൽ പന്നികളെ വെടിവച്ചതെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ പറഞ്ഞു. വെടിയേറ്റ പന്നികളുടെ ചിത്രങ്ങളുണ്ടെന്നും അവർ പറഞ്ഞു. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഫണ്ട് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചെങ്കിലും നിയമപരമല്ലാത്തതിനാൽ നിരസിച്ചതായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് പ്രതികരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.