നാദാപുരം: മഞ്ഞപ്പിത്തബാധ വ്യാപകമായ വാണിമേലില്‍ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 16ാം വാർഡിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയത്.
സ്കൂള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ആരംഭിച്ചു. ഉറവിടം നിശ്ചയമില്ലെങ്കിലും വാണിമേല്‍ വയല്‍പീടികയിലെ തോട്ടിലെ മാലിന്യം രോഗബാധ കൂട്ടാൻ ഇടയാക്കുന്നതായി സംശയിക്കുന്നു. അറവുമാലിന്യം ഉള്‍പ്പെടെ തോട്ടില്‍ തള്ളുന്നത് പരിസരവാസികള്‍ക്ക് ഭീഷണി ഉയർത്തുന്നു. ശുചിത്വമില്ലാത്ത ഭക്ഷണപാനീയങ്ങള്‍, വ്യക്തിശുചിത്വം പാലിക്കാതെയുള്ള ഇടപെടലുകള്‍ എന്നിവ മഞ്ഞപ്പിത്തം പടരുന്നതിന് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
16ാം വാർഡിന് പുറമേ ഗ്രാമപഞ്ചായത്തിലെ മറ്റ് വാർഡുകളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അറിയിച്ചു. വിദ്യാർഥികളും രോഗബാധിതരില്‍ ഉള്‍പ്പെട്ടതിനാല്‍ ആരോഗ്യ പ്രവർത്തകർ സ്കൂളുകളില്‍ ബോധവത്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും ആരംഭിച്ചു.
സ്കൂള്‍ പരിസരങ്ങളില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍, സുരക്ഷിതമല്ലാത്ത പാനീയങ്ങള്‍ എന്നിവ വില്പന നടത്തരുതെന്ന് കർശന നിർദേശം നല്കി. രോഗബാധിതരുമായി സമ്ബർക്കത്തില്‍ ഏർപ്പെടുമ്ബോള്‍ ഏറെ ജാഗ്രത പാലിക്കണമെന്നും രോഗബാധിതർ പൊതുപരിപാടികളിലും ആഘോഷവേളകളിലും പങ്കെടുക്കരുതെന്നും അറിയിച്ചു. വിവാഹം, സല്‍ക്കാരം, മറ്റ് ആഘോഷവേളകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും മെഡിക്കല്‍ ഓഫിസർ ഡോ. സഫർ ഇഖ്ബാല്‍ അറിയിച്ചു.
ഹോട്ടല്‍, കൂള്‍ബാർ, സ്കൂള്‍ പാചകപ്പുരകള്‍, അംഗൻവാടികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. ജയരാജ് പരിശോധനകള്‍ക്കും ബോധവത്കരണത്തിനും നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.