ഇൻഡോർ: പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവിന്റെ പരാക്രമത്തിൽ വെന്തു മരിച്ചത് ഏഴ് പേർ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ശുഭം ദീക്ഷിത് (27) ആണ് ഇരുനില കെട്ടിടത്തിന് തീയിട്ടതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇന്‍ഡോര്‍ നഗരത്തിലെ വിജയ് നഗര്‍ പ്രദേശത്തുള്ള ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നത്.
തീപിടിച്ച കെട്ടിടത്തിലെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. താമസിയാതെ അവൾ മറ്റൊരു പുരുഷനുമായി വിവാഹ നിശ്ചയവും കഴിഞ്ഞു.
ഇതോടെ യുവതിയോട് പക തീർക്കാൻ യുവാവ് ഇവരുടെ സ്കൂട്ടറിന് തീവെച്ചു. പാർക്കിങ് ഏരിയയിലുണ്ടായിരുന്ന സ്കൂട്ടറിൽ നിന്നാണ് കെട്ടിടത്തിന് തീപിടിച്ചത്. ഈ തീ പടര്‍ന്ന് കെട്ടിടത്തെ വിഴുങ്ങുകയായിരുന്നു. തീയിൽ യുവതിക്ക് പൊള്ളലേറ്റു. തീപിടിത്തത്തിൽ കെട്ടിടത്തിലുണ്ടായിരുന്ന ഏഴു പേർ മരിച്ചു. ഒമ്പത് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
ഇതിനിടെ കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് യുവാവ് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് ഇൻഡോർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ സ്കൂട്ടറിന് തീയിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പുലർച്ചെ മൂന്നിനും നാലിനുമിടയിൽ ഇരുനില കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലെത്തിയ യുവാവ് സ്കൂട്ടർ കത്തിച്ചു. അഗ്നിശമന സേനാംഗങ്ങൾ മൂന്നു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പ്രധാന വാതിലും മുകളിലേക്കുള്ള ഗോവണിപ്പടിയിലും തീയും പുകയും നിറഞ്ഞിരുന്നു. മൂന്നാം നിലയിൽ നിന്ന് ടെറസിലേക്കുള്ള വാതിലും നല്ല ചൂടായിരുന്നു. ഇതാണ് മിക്കവരും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതിന് കാരണമായത്. തീപിടിത്തത്തിൽ നിന്ന് പലരും ഫ്ലാറ്റുകളുടെ ബാൽക്കണിയിലേക്ക് ഓടി രക്ഷപ്പെട്ടു. ചില താമസക്കാര്‍ അവരുടെ ഫ്‌ലാറ്റുകളുടെയോ ടെറസിന്റെയോ ബാല്‍കണിയില്‍ നിന്ന് ചാടി സ്വയം രക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ ചിലര്‍ക്ക് പരിക്കേറ്റു.
താഴത്തെ നിലയിലെ ഇലക്ട്രിക് മീറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തം പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ കത്തിയ ശേഷം മുകളിലത്തെ നിലകളിലേക്കും പടരുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപോര്‍ടുകള്‍. ആദ്യഘട്ടത്തിൽ നാട്ടുകാർ ബക്കറ്റ് വെള്ളം ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്താന്‍ വൈകിയെന്ന ആരോപണം ദൃക്സാക്ഷികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇടുങ്ങിയ ഇടനാഴിയായതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിലേക്ക് എത്താൻ പ്രയാസമായിരുന്നു.
കെട്ടിടത്തിൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതേത്തുടർന്ന് കെട്ടിട ഉടമയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 304 (ക്രിമിനൽ നരഹത്യ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിടുകയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.