ജിദ്ദ: ഈ വർഷത്തെ ഉംറ സീസണിന്റെ തുടക്കമായ മുഹറം മാസം മുതൽ ഞായറാഴ്ച വരെ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി 2,68,000 തീർഥാടകർ ഉംറ തീർഥാടനത്തിനായി എത്തിയതായി സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണ് കൂടുതൽ തീർഥാടകർ എത്തിയത്.
ഞായറാഴ്ച വരെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരുടെ എണ്ണം 1,01,000 ആണ്. ഞായറാഴ്ച മാത്രം 5,452 തീർഥാടകരാണ് മദീന വിമാനത്താവളത്തിലെത്തിയത്. ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ഏകദേശം 22,000 തീർഥാടകർ ഉംറ നിർവഹിച്ച് മദീന വിമാനത്താവളം വഴി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി.
രാജ്യത്തിന്റെ ഒമ്പത് കര അതിർത്തികളിലൂടെ ഇതുവരെ 29,000 തീർഥാടകർ റോഡ് മാർഗം ഉംറയിൽ എത്തിയതായും മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. ഏകദേശം 127,000 ആളുകൾ.
പാക്കിസ്ഥാനിൽ നിന്ന് 90,000 ഉംറ തീർഥാടകരും ഇന്ത്യയിൽ നിന്ന് 54,000 ഉം തീർഥാടകരാണ് ഇതുവരെ എത്തിയത്. ഇറാഖ് 36,000, യെമൻ 22,000, ജോർദാൻ 13,000, ബാക്കിയുള്ളവര്‍ വിവിധ രാജ്യങ്ങളില്‍നിന്നുമാണ് ഉംറ തീര്‍ത്ഥാടനത്തിന് സൗദിയിലെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







