മലപ്പുറം: തമാശയ്ക്ക് ചുവന്ന ബാഗ് ഉയര്‍ത്തിക്കാണിച്ച് അപായസൂചന നല്കി ട്രെയിന്‍ നിര്‍ത്തിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. മലപ്പുറം താനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്താണ് സംഭവം. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് വന്നപ്പോഴാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്കില്‍ കയറി ചുവന്ന ബാഗ് ഉയര്‍ത്തി കാട്ടിയത്. അപായസൂചനയാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഓടിമറഞ്ഞു.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇത് ചെയ്തത് സ്കൂള്‍ വിദ്യാര്‍ത്ഥികളാണെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓപ്പണ്‍ സ്കൂള്‍ സംവിധാനത്തില്‍ താനൂര്‍ കാട്ടിലങ്ങാടി സ്കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് മനസിലായി. സഹപാഠികള്‍ വളരെ നാള്‍ക്ക് ശേഷം കണ്ടു മുട്ടിയപ്പോള്‍ തോന്നിയ കുസൃതിയാണ് വിനയായത്.
സ്കൂളില്‍ എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി കഴിയുന്നതുവരെ കാത്തിരുന്നു. തുടര്‍ന്ന് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ ചോദ്യംചെയ്തു. ട്രെയിന്‍ നിര്‍ത്തിച്ചവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളാണെന്ന് ബോധ്യപ്പെട്ടതിനാല്‍ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയുമായിരുന്നു. കോഴിക്കോട് ആര്.പി.എഫ്. ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









