കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും തീരുമാനിച്ചു. നേരത്തെ ആലുവ ഡിവൈഎസ്പി ശിവൻകുട്ടിക്കായിരുന്നു കേസിന്റെ അന്വേഷണച്ചുമതല.
കേസിലെ മൂന്ന് പ്രതികളെയും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ തുടരന്വേഷണം ആവശ്യമായതിനാൽ ക്രമസമാധാനപാലന ചുമതലയുള്ള പൊലീസില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അതേസമയം, ഭർതൃപീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി.ഐ സി.എല്‍ സുധീറിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഡി.വൈ.എസ്‍.പിയുടെ റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്‍ത ദിവസമാണെന്നും റിപ്പോർട്ടിലുണ്ട്. ആലുവ പൊലീസ് സ്റ്റേഷന്‍റെ ചുമതലയിലെ തിരക്ക് കാരണം മോഫിയയുടെ പരാതി പരിശോധിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ചെന്നാണ് സുധീറിന്‍റെ വിശദീകരണം.
അതേസമയം മോഫിയയുടെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മോഫിയയുടെ സഹപാഠികൾ എസ്പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ 17 നിയമ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി മോഫിയ (21)യാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ ആത്മഹത്യ ചെയ്തത്. ആലുവ സി.ഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഏഴ് മാസം മുമ്പാണ് മൊഹമ്മദ് സുഹൈലുമായി മോഫിയയുടെ വിവാഹം നടന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു.
ഭർത്താവിന്റെ വീട്ടിൽ വച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി മോഫിയ പരാതിപ്പെട്ടിരുന്നു. വിവാഹ ശേഷം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇവരുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭര്‍തൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളെ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് റിമാൻഡ് ചെയ്തത്. പ്രതികൾ കാക്കനാട് ജില്ലാ ജയിലിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









