ഇന്ന് പുലർച്ചെ എറണാകുളം പറവൂരിൽ പെട്രോൾ പമ്പിലും മോഷണം. വാതിൽ കുത്തി തുറന്ന് അകത്തുകടന്ന മോഷ്ടാവ് പണവും മൊബൈൽ ഫോണും കവർന്നു. ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ നഷ്ടമായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുൻ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. കോഴിക്കോടും ഇന്ന് സമാനമായ രീതിയിൽ പമ്പിൽ മോഷണം നടന്നിരുന്നു. കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയാണ് അജ്ഞാതൻ കവർച്ച നടത്തിയത്. അമ്പതിനായിരം രൂപ കവർന്നുവെന്നാണ് പ്രാഥമികനിഗമനം. സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തി.പമ്പിലെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അർദ്ധരാത്രിയിൽ കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് കയറി. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിച്ചു . പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









