കല്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി എം.പി ശനിയാഴ്ച രാവിലെ 11ന് നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ സംബന്ധിക്കും.
എം.പിയുടെ മണ്ഡലം സന്ദര്‍ശനത്തിന് വയനാട്ടില്‍ ഒരുക്കിയത് ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ സന്നാഹം. കല്പറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച പശ്ചാത്തലത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനമായതിനാലാണ് കൂടുതല്‍ സേനയെ നിയോഗിച്ചത്. ജില്ലയില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി വിന്യസിച്ചത്. കണ്ണൂര്‍ മാങ്ങാട്ട്പറമ്ബ് കെ.എ.പി ക്യാമ്ബ്, മലപ്പുറം എം.എസ്.പി ക്യാമ്ബ്, തൃശൂര്‍ വനിത ബറ്റാലിയന് എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസുകാരെ സുരക്ഷയൊരുക്കാന്‍ ജില്ലയിലെത്തിച്ചു.
തിരുവനന്തപുരത്ത് എ.കെ.ജി സെന്റര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ ജില്ലയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലടക്കം നടന്നതിനാല്‍ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. മാനന്തവാടിയില്‍ സി.പി.എം പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍. ആര്. നായര്‍ക്കാണ് പൊലീസിന്റെ മേല്‍നോട്ടം. ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ക്യാമ്ബ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അവധിയിലായതിനാല്‍ പൊലീസ് ആസ്ഥാനത്തെ എസ്.പിയായ ആര്. ആനന്ദിനാണ് ക്രമസമാധാന ചുമതല. മൂന്ന് തഹസില്‍ദാര്‍മാര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലകള്‍ നല്‍കിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് അധികചുമതലയും നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









