വെറ്റിലപ്പാറ പ്രീ-മെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിക്ക് മർദനമേറ്റതായി പരാതി. അടിച്ചിൽത്തൊട്ടി ഊരിലെ പത്താംക്ലാസുകാരനായ വിദ്യാർഥിയെ വാച്ച്മാൻ വടികൊണ്ട് പുറത്തടിച്ചതായാണ് പരാതി. ഹോസ്റ്റലിലെ വാച്ച്മാൻ മധുവിന്റെപേരിൽ അതിരപ്പിള്ളി പോലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, പട്ടികജാതി പട്ടികവർഗ സംരക്ഷണനിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾ ഡെസ്‌കിൽ തട്ടി ശബ്ദമുണ്ടാക്കി. ഇത് ചോദിക്കുന്നതിനിടെ വിദ്യാർഥിയുടെ പുറത്ത് മുളവടികൊണ്ട് അടിച്ചു . കുട്ടിയുടെ പുറത്ത് അടിയേറ്റ പാടുകളുണ്ട്. വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലും ചാലക്കുടി താലൂക്കാശുപത്രിയിലും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിനുശേഷം സ്കൂളിലെത്തിയ കുട്ടി ക്ലാസ്ടീച്ചറോട് വിവരംപറഞ്ഞു. തുടർന്ന് കുട്ടിയുടെ അച്ഛൻ സ്കൂളിലെത്തി. പിന്നീടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.സംഭവത്തിൽ അന്വേഷണവിധേയമായി വാച്ച്മാൻ മധുവിനെ സസ്പെൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









