അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, ഇദ്ദേഹത്തിന്റെ മാനേജരായിരുന്ന ചാലക്കുടി സ്വദേശിനി എന്നിവരെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. നാട്ടുവൈദ്യനെ തടവില്‍പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്റെ കൂട്ടാളികളായ അജ്മല്‍, ഷഫീഖ്, ഹബീബ് എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് അബുദാബിയിലെ ഇരട്ടക്കൊലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്.2020 മാര്‍ച്ച് അഞ്ചാം തീയതിയാണ് ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ കൂടുതല്‍ അന്വേഷണവും ഉണ്ടായില്ല. എന്നാല്‍ ഷൈബിന്‍ അഷ്‌റഫിനെതിരേ കൂട്ടാളികളായ മറ്റുപ്രതികള്‍ നല്‍കിയ തെളിവുകളില്‍ അബുദാബിയിലെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും ഉണ്ടായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ യാതൊരു സംശയവും തോന്നാതെ എങ്ങനെ കൊല്ലണം, എന്തൊക്കെ ചെയ്യണം, മരണം ആത്മഹത്യയാക്കി മാറ്റാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കടലാസുകളില്‍ പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ കടലാസുകള്‍ അബുദാബിയിലെ ഫ്‌ളാറ്റില്‍ ഒട്ടിച്ചുവെച്ചതിന്റെ ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് അബുദാബിയിലെ കൊലപാതകങ്ങളുടെയും രഹസ്യം അറിയുന്നത്. ഹാരിസിനെയും യുവതിയെയും കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കഴിഞ്ഞദിവസം പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഹാരിസിന്റെ ഭാര്യയുമായി ഷൈബിന്‍ അഷ്‌റഫ് ബന്ധം പുലര്‍ത്തിയതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇതേത്തുടര്‍ന്ന് ഹാരിസ് ഭാര്യയെ മൊഴി ചൊല്ലുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









