നമ്മെ ബാധിക്കുന്ന ഓരോ അസുഖത്തിന്റെയും, ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങള്‍ ശരീരത്തിന്റെ പലയിടങ്ങളിലായും പ്രകടമായി വരാം.അതിലൊന്നാണ് മോണയില്‍ നിന്ന് രക്തസ്രാവം വരുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. മോണ വിളര്‍ത്ത് കാണുന്നതും രക്തം പൊടിയുന്നതുമെല്ലാം പ്രധാനമായും മോണരോഗങ്ങളുടെ തന്നെ ലക്ഷണമായാണ് വരുന്നത്. മോണരോഗങ്ങള്‍ ക്രമേണ സങ്കീര്‍ണമായ മറ്റ് ബുദ്ധിമുട്ടുകളിലേക്കും നീങ്ങാമെന്നതിനാല് ഇത് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ച് ആവശ്യമുള്ള ചികിത്സ തേടേണ്ടതാണ്. ചില വൈറ്റമിനുകളുടെ കുറവ് മൂലവും മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകാം. മള്‍ട്ടിവൈറ്റമിൻ- ഒമേഗ 3 ഫിഷ് ഓയില്‍ എന്നിവയെല്ലാം ഈ പ്രശ്നം പരിഹരിക്കാൻ സഹായകമാണ്. നാവില്‍ വെളുത്ത നിറം കാണുന്നത് സാധാരണഗതിയില്‍ അത്ര പ്രശ്നമുള്ള കാര്യമല്ല. എന്നാല്‍ നല്ലരീതിയില്‍ പ്രകടമായി വെളുത്ത നിറം പടര്ന്നിരിക്കുകയാണെങ്കില് അല്പം ശ്രദ്ധിക്കുക. ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണമായും ഇങ്ങനെ വരാം. വായയെ ബാധിക്കുന്ന അത്ര ഗുരുതരമല്ലാത്ത ചില രോഗങ്ങളുടെ ലക്ഷണമായും ഇങ്ങനെ കാണാം. ലൈംഗികരോഗമായ സിഫിലിസ് ലക്ഷണമായും ‘വൈറ്റ് ടംഗ്’ കാണാം. ഇത് വൈകാതെ തന്നെ ചികിത്സിക്കേണ്ട രോഗമാണെന്ന് മനസിലാക്കുക.
വായ് പുണ്ണ് സര്‍വസാധാരണമായി മിക്കവരിലും കാണാറുള്ളൊരു പ്രശ്നമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ടോ, പരമാവധി ഒരാഴ്ച കൊണ്ടെല്ലാം മിക്കവാറും വായ്പുണ്ണ് ഭേദമാകാറുണ്ട്. കവിളില്‍ പല്ല് കൂട്ടിക്കടിക്കുക, പരുക്കനായ ബ്രഷുപയോഗിക്കുക, സോഡിയം ലോറില് സള്‍ഫേറ്റ് അടങ്ങിയ പേസ്റ്റ് ഉപയോഗിക്കുക, ചില ഭക്ഷണങ്ങള്‍ എന്നിങ്ങനെ പല കാരണവും പുണ്ണിലേക്ക് നയിക്കാം. വൈറ്റമിൻ-ബി, സിങ്ക്, അയേണ്‍ എന്നിവയുടെ കുറവുണ്ടെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നതിനുമെല്ലാം വായ്പുണ്ണ് കാരണമാകാം. എന്നാല്‍ ദീര്‍ഘനാളത്തേക്ക് പുണ്ണ് നീണ്ടുനില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് കണ്‍സള്‍ട്ട് ചെയ്യുക. ധാരാളം പേര് നേരിടുന്നൊരു പ്രശ്നമാണ് വായ്നാറ്റം. വായ വൃത്തിയായി സൂക്ഷിക്കാത്തത് കൊണ്ട് മാത്രമല്ല, വായ്നാറ്റമുണ്ടാകുന്നത്. പല അസുഖങ്ങളുടെയും ലക്ഷണമാണിത്. മോണരോഗം, മൂക്കിലോ സൈനസിലോ ഉള്ള അണുബാധ, ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി എന്നിവയെല്ലാം വായ്നാറ്റത്തിന് കാരണമാകും. അസാധാരണമായ രീതിയില്‍ വായ്നാറ്റം വരികയും ഇത് നീണ്ടുനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. കാരണം, ഇതും ക്യാൻസര്‍ രോഗത്തിന്റെ വരെ ലക്ഷണമായി വരാറുണ്ട്. വായില്‍ ക്യാൻസര്‍ രോഗമുണ്ടാകുന്നതിന്റെ ഭാഗമായും വായില്‍ ചില വ്യത്യാസങ്ങള്‍ കാണാം. വായില്‍ ക്യാൻസര്‍ എന്ന് പറയുന്നത് വായില്‍ എവിടെയുമാകാം വരുന്നത്. ചുണ്ടുകള്‍, മോണ, നാവ്, കവിളുകളുടെ ഉള്‍വശം, അണ്ണാക്ക്, വായുടെ താഴ്ഭാഗം എന്നിങ്ങനെ എവിടെയും വരാം. വായില്‍ വെളുപ്പോ ചുവപ്പോ നിറത്തില്‍ പാടുകള്‍ കാണുക, ചെറിയ വളര്‍ച്ച- മുഴ എന്നിവ, വായില്‍ വേദന, ഭക്ഷണമിറക്കാൻ വേദന എന്നിവയും വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളായി വരുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.