എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാൻ നവീകരിച്ച എയർ സുവിധ 2.0 പോർട്ടൽ സേവനം ആരംഭിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (DIAL) സംയുക്തമായാണ് കോൺടാക്റ്റ്‌ലെസ് പാസഞ്ചർ ഹെൽത്ത് സെൽഫ്-ഡിക്ലറേഷൻ പോർട്ടൽ അവതരിപ്പിച്ചത്.
വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ ഇമിഗ്രേഷൻ നടപടികൾക്ക് മുമ്പായി ആരോഗ്യ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം. കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ, രോഗബാധയുമായി ബന്ധപ്പെട്ട ചരിത്രം, നിലവിലുള്ള രോഗലക്ഷണങ്ങൾ എന്നിവ ഫോമിൽ രേഖപ്പെടുത്തേണ്ടതുണ്ട്.
വിമാനത്താവള ആരോഗ്യ ഉദ്യോഗസ്ഥർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഐ.ഡി.എസ്.പി., സംസ്ഥാന സർവൈലൻസ് വിഭാഗങ്ങൾ എന്നിവർക്കിടയിൽ വിവരങ്ങൾ വേഗത്തിൽ കൈമാറാൻ പോർട്ടൽ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധാ സാധ്യതയുള്ള യാത്രക്കാരെ വേഗത്തിൽ തിരിച്ചറിയാനും ആവശ്യമായ ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാനും പുതിയ സംവിധാനം സഹായകരമാകും. കൂടാതെ വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഒഴിവാകും.
ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുമ്പ് തന്നെ ‘എയർ സുവിധ’ സെൽഫ്-ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാം. വെബ് ചെക്ക്-ഇൻ സമയത്ത് തന്നെ ഫോം സമർപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രക്കാർക്ക് ഡൗൺലോഡ് ചെയ്ത ഡിക്ലറേഷൻ ഫോം വിമാനത്താവളത്തിലെ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഹാജരാക്കിയാൽ മതിയാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









