ഡോ.കെ ഷാഫിയുടെ പ്രചോദനാത്മക കഥ വായിക്കാം ‘! പ്രസ് ലൈവ് ന്യൂസിൽ
കൽപ്പറ്റ| മങ്ങിയ വെളിച്ചത്തിൽ വീട്ടുമുറ്റത്തെ ഷെഡ്ഡിൽ പഠനം നടത്തിയ ഒരു ബാലന്റെ സ്വപ്നയാത്രയ്ക്ക് ഇന്ന് അഭിമാനകരമായ നേട്ടത്തിന്റെ നിറവായി. വയനാട്ടിലെ സാധാരണ കുടുംബാന്തരീക്ഷത്തിൽ വളർന്ന ഷാഫി കെ. ഭാരതിയാർ സർവകലാശാലയിൽ നിന്ന് കോമേഴ്‌സ് വിഭാഗത്തിൽ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം നേടിയിരിക്കുകയാണ്.
വടക്കൻ കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ തൊഴിൽ പ്രതിബദ്ധതകളും ജീവിത വെല്ലുവിളികളും പഠനവിഷയമാക്കിയായിരുന്നു ഗവേഷണം. “Job Commitments and Challenges of Construction Workers in Northern Kerala with Special Reference to Wayanad District” എന്ന വിഷയത്തിലെ പഠനം തൊഴിലാളി സമൂഹത്തിന്റെ ജീവിത യാഥാർഥ്യങ്ങൾ അക്കാദമിക ലോകത്തിന് മുന്നിലെത്തിക്കുന്നതായിരുന്നു.
പത്താം ക്ലാസിന് ശേഷം ഉയർന്ന വിദ്യാഭ്യാസം പോലും അപൂർവമായിരുന്ന ഒരു തോട്ടം മേഖലയിൽ നിന്ന് പി.എച്ച്.ഡി. എന്ന ഉയരത്തിലെത്തിയ ഈ നേട്ടം നിരവധി പ്രതിസന്ധികളെയും ത്യാഗങ്ങളെയും അതിജീവിച്ചുള്ളതാണ്. വയനാട് ചുരം കയറിയിറങ്ങിയ അനേകം രാത്രിയാത്രകൾ, കുടുംബത്തിൽ നിന്ന് അകന്നുനിന്ന ഗവേഷണ ദിനങ്ങൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കിടയിലുള്ള പഠനപ്രയത്നങ്ങൾ എന്നിവയെല്ലാം ഈ വിജയത്തിന്റെ ഭാഗമായിരുന്നു.
ഗവേഷണയാത്രയിൽ കുടുംബവും സുഹൃത്തുക്കളും അധ്യാപകരും സഹപ്രവർത്തകരും നൽകിയ പിന്തുണയാണ് കരുത്തായതെന്ന് ഡോ. ഷാഫി പറഞ്ഞു. ജീവിതത്തിലെ പല ഘട്ടങ്ങളിലും വഴികാട്ടികളായ നിരവധി വ്യക്തികളെയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.ഒരു അക്കാദമിക ബിരുദം മാത്രമല്ല, മനുഷ്യരെയും ജീവിതത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ച അനുഭവസമ്പത്താണ് ഈ ഗവേഷണയാത്ര സമ്മാനിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.നിരവധി യുവാക്കൾക്ക് പ്രചോദനമാകുന്ന ഈ നേട്ടം, സ്വപ്നങ്ങൾക്കായി ആത്മാർത്ഥമായി പരിശ്രമിക്കുന്നവർക്ക് സാഹചര്യങ്ങൾ ഒരു തടസമല്ലെന്ന സന്ദേശം കൂടിയാണ് നൽകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









