ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും അദ്ഭുതപ്രകടനത്തോടെ മുന്നേറിയ ശ്രീലങ്ക ഒടുവില്‍ ഞായറാഴ്ച നടന്ന കലാശപ്പോരില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്ത് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു.ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് പാകിസ്താനെ തകര്‍ത്തത്.അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് ഇത്തവണയും പാകിസ്താന്റെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട റിസ്വാന്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്തായി.ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനു വേണ്ടി ഇത്തവണയും ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാനായില്ല. ആറു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ബാബറിനെ നാലാം ഓവറില്‍ പ്രമോദ് മധുഷാനാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ ഫഖര്‍ സമാനെയും (0) മധുഷാന്‍ മടക്കി.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഭനുക രജപക്‌സയുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.ആറാം വിക്കറ്റില്‍ ഒന്നിച്ച രജപക്‌സ – വാനിന്ദു ഹസരംഗ സഖ്യം ലങ്കയെ 100 കടത്തി. ഇരുവരും കൂട്ടിച്ചേര്‍ത്ത 58 റണ്‍സാണ് ലങ്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. 21 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 36 റണ്‍സെടുത്ത ഹസരംഗയെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ചാമിക കരുണരത്‌നയെ കൂട്ടുപിടിച്ച് ഭനുക രജപക്‌സ ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തി. 54 റണ്‍സാണ് ഈ സഖ്യം ലങ്കന്‍ സ്‌കോറിലെത്തിച്ചത്. ഇതില്‍ 14 പന്തില്‍ നിന്ന് 14 റണ്‍സായിരുന്നു കരുണരത്‌നയുടെ സംഭാവന. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത നസീം ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









