പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ മുതുകിൽ വരച്ചുള്ള സ്ത്രീകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗുജറാത്തിലെ സൂറത്തിലുള്ള സ്ത്രീകളാണ് മോദിയുടെ ചിത്രം മുതുകിൽ വരച്ച് ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നത്. വെറുതെയല്ല, ഈ സ്ത്രീകൾ ശരീരത്തിൽ മോദിയുടെ ചിത്രങ്ങൾ വരച്ച് കാത്തിരിക്കുന്നത്. നാളുകൾക്ക് ശേഷം പ്രധാനമന്ത്രി സ്വന്തം നാട്ടിലേക്ക് എത്തുകയാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമാകുക എന്ന ലക്ഷ്യം വച്ച് കൂടിയാണ് നരേന്ദ്രമോദി ഗുജറാത്തിലെത്തുന്നത്. പ്രധാനമന്ത്രി എത്തുന്നതോടെ ഇവിടെ നവരാത്രി ആഘോഷങ്ങൾ പൊടിപൊടിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാണ് ഈ സ്ത്രീകൾ ശരീരത്തിൽ മോദിയുടെ ചിത്രം വരച്ച് ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നത്.മോദിക്കൊപ്പം ചീറ്റ പുലികളുടെ ചിത്രവും ഈ സ്ത്രീകൾ ശരീരത്തിൽ വരച്ചിട്ടുണ്ട്. മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലെത്തിച്ചിരുന്നു. മോദി തന്നെയാണ് ചീറ്റകളെ കൂടുതുറന്ന് വിട്ടതും. ഇന്ത്യയുടെ അഭിമാനനിമിഷം എന്നായിരുന്നു ചീറ്റകളെ കൊണ്ടുവരാനായതിനെക്കുറിച്ച് മോദി അന്ന് പറഞ്ഞത്. അതുകൊണ്ടാണ് മോദിക്കൊപ്പം ചീറ്റകളുടെ ചിത്രവും ടാറ്റുവിൽ ഉൾപ്പെടുത്തിയതെന്നാണ് പറയുന്നത്