കോഴിക്കോട്: താമരശ്ശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. ഇന്നലെ രാത്രിയാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി അഷ്റഫിനെയാണ് രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി-മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ടാറ്റാ സുമോയിലും മറ്റൊരു കാറിലുമെത്തിയ സംഘം ആണ് സ്കൂട്ടർ തടഞ്ഞ് യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്. റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് നിഗമനം. മുക്കത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടറും സംഘവും. ഇന്നലെ രാത്രി 9.40ഓടെയാണ് സംഭവം. താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഗൾഫിൽ വ്യവസായിയാണ് അഷ്റഫ്. അവിടെയുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ പ്രതികളെയും ഇവർ ഉപയോഗിച്ച വാഹനങ്ങളെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.