ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് സ്ഥിരീകരിച്ച് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി. ‘‘ഫൈനലിൽ എത്താൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കും.’’– ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ വിജയത്തിനു ശേഷം ഒരു അർജന്റീനിയൻ മാധ്യമത്തോട് മെസ്സി പറഞ്ഞു.ഇപ്പോൾ 35 വയസ്സുള്ള മെസ്സിയുടെ അവസാന ലോകകപ്പാകും ഖത്തറിലേതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
‘‘അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്.’’ – മെസ്സി കൂട്ടിച്ചേർത്തു. ഇരട്ടഗോളുകളോടെ അൽവാരസും ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസ്സിയും മിന്നിത്തിളങ്ങിയ സെമിഫൈനലിൽ ക്രൊയേഷ്യയെ 3-0നു തോൽപിച്ചാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നത്. അഞ്ച് ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പം ഒന്നാമതെത്തുകയും ചെയ്തു മെസ്സി. ഇന്നലത്തെ മത്സരത്തോടെ ലയണൽ മെസ്സി ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







