തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉടമകള്‍ക്ക് ആശ്വാസകരമായ പുതിയ രണ്ട് നീക്കങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും കാലാവധിക്ക് മുന്നേ പുതുക്കുന്നവർക്കും ഗുണകരമാകുന്ന തീരുമാനമാണ് ഈ മാസം 15 മുതല്‍ നടപ്പാക്കുന്നത്.
മോട്ടോർ വെഹിക്കിള്‍ ആക്ടില്‍ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായാണ് ഈ പ്രധാനപ്പെട്ട ഭേദഗതികള്‍.ഡ്രൈവിങ് ലൈസൻസ് കാലാവധി തീർന്നാല്‍ 30 ദിവസം വരെ പഴയ ലൈസൻസ് തന്നെ ഉപയോഗിക്കാം. 1988ലെ മോട്ടോർ വെഹിക്കിള്‍ ആക്‌ട് പ്രകാരം ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാല്‍ 30 ദിവസം ഗ്രേസ് പിരിയഡ് എന്ന സംവിധാനം ഉണ്ടായിരുന്നു.
എന്നാല്‍, 2019 ലെ ഭേദഗതിയോടെ ആ ഗ്രേസ് പീരീഡ് സംവിധാനം അവസാനിപ്പിച്ചു. ഈ വർഷം ആഗസ്റ്റ് 15 മുതല്‍ പുതിയ ഭേദഗതി പ്രകാരം ഗ്രേസ് പീരീഡ് സംവിധാനം തിരിച്ചുവരികയാണ്. ലൈസൻസ് പുതുക്കാനുള്ള ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഭേദഗതിയാണിത്.
കാലാവധിക്ക് മുന്നേ ലൈസൻസ് പുതുക്കുന്നവർക്ക് ഏറെ ഗുണകരമാകുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. നിലവില്‍ ഡ്രൈവിങ് ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് ഒരുവർഷം മുമ്പ്മുതല്‍ പുതുക്കാം. എന്നാല്‍, അങ്ങനെ പുതുക്കുന്ന സമയത്ത് ഡ്രൈവിങ് ലൈസൻസ് അപ്പ്രൂവ് ചെയ്യുന്ന ഡേറ്റ് മുതലായിരുന്നു പുതിയ ലൈസൻസിന്റെ കാലാവധി ആരംഭിച്ചിരുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ഒരുപാട് ആളുകള്‍ക്ക് കാലാവധി നഷ്ടം സംഭവിച്ചിരുന്നു.
പുതിയഭേദഗതിയിലൂടെ ഈ പരാതിയും പരിഹരിച്ചിരിക്കുകയാണ്. ആഗസ്റ്റ് 15 മുതല്‍ പുതുക്കുന്നവർക്ക് എപ്പോഴാണോ നിലവിലുള്ള ലൈസൻസിന്റെ കാലാവധി തീരുന്നത്, അന്നുമുതലാണ് പുതിയ ലൈസൻസിന്റ കാലാവധി ആരംഭിക്കുക.ഒരു വർഷത്തിനകം നിങ്ങള്‍ പുതുക്കിയാലും കാലാവധിക്ക് കോട്ടം തട്ടാതെ, നിലവിലുള്ളതിന്റെ അവസാന തീയതി മുതല്‍ പുതിയ ലൈസൻസ് പ്രാബല്യത്തില്‍ വരുന്നതായിരിക്കും.
കൂടാതെ, ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് മുതല്‍ കാലാവധി കഴിഞ്ഞ് ഒരു വർഷം വരെ (അതായത് മൊത്തം 2 വർഷം സമയം) ലൈസൻസ് പുതുക്കാനുള്ള അവസരമുണ്ട്.വിദേശത്തുള്ള വ്യക്തികള്‍ക്ക് നാട്ടില്‍ വരാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം. വിദേശത്തുനിന്ന് ഓണ്‍ലൈൻ ആയി പുതുക്കാനാണ് അവസരം. ഒരു ഇന്ത്യൻ ഡോക്ടറോ ഇന്ത്യൻ കോണ്‍സുലേറ്റ് അംഗീകാരമുള്ള ഡോക്ടറോ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍/ കാഴ്ച സർട്ടിഫിക്കറ്റ് മതിയാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







